ന്യൂദല്‍ഹി: വായുമലിനീകരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ദല്‍ഹി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ദല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് വായുമലിനീകരണം കുറഞ്ഞത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്.
സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 29ന് തുറക്കും. നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഇലക്ട്രിക് ട്രക്കുകള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച മുതല്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പക്ഷേ പെട്രോള്‍, ഡീസല്‍ ട്രക്കുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ മൂന്നു വരെ തുടരും.
മലിനീകരണം കുറയ്ക്കാന്‍ പൊതുവാഹന ഉപയോഗം കുറയ്ക്കണമെന്നും ജനങ്ങള്‍ സഞ്ചാരം മെട്രോവഴിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനായി സെക്രട്ടേറിയറ്റില്‍ നിന്ന് സമീപത്തെ മെട്രോ സ്റ്റേഷനുകളിലേക്ക് പോകാന്‍ സര്‍ക്കാര്‍ പ്രത്യേക ഷട്ടില്‍ ബസുകള്‍ അനുവദിക്കുമെന്നും വ്യക്തമാക്കി.
കമ്പനികള്‍ക്ക് നിര്‍മ്മാണം തുടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പക്ഷേ വായുമലിനീകരണത്തിന് എന്തെങ്കിലും ലംഘനം കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 1,221 കമ്പനികളെ നീരിക്ഷിച്ചതില് നിയമ ലംഘനം നടത്തിയ 105 കമ്പനികള്‍ പൂട്ടിച്ചു. കേന്ദ്രം പുറപ്പെടുവിച്ച 14 പോയിന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ സൈറ്റുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അവ അടച്ചുപൂട്ടി പിഴ ചുമത്തിയതെന്ന് മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: