ഡോ. സുകുമാര്‍ കാനഡ
കേരളത്തില്‍ പൊതുവേ ധര്‍മ്മശാസ്താവിനേയും അയ്യപ്പനേയും ഒരേ ദേവതാഭാവത്തില്‍ കണക്കാക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ പുരാണങ്ങളനുസരിച്ച് അതങ്ങനെയാണോ? ഈ രണ്ടു ദേവതാരൂപങ്ങള്‍ തമ്മിലും ഭാവാത്മകമായ വ്യത്യാസങ്ങള്‍ ഉണ്ടോ?
ഇതേക്കുറിച്ച് ഒരേകദേശധാരണയുണ്ടാവാന് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള കോടാനുകോടി ദേവീദേവന്മാരെപ്പറ്റിയുള്ള കാര്യകാരണങ്ങള്‍ അന്വേഷിക്കാം.
മുപ്പത്തിമൂന്നുകോടി ദേവതകള്‍ ഉണ്ടെന്ന് മുന്‍പേ പറഞ്ഞിരുന്നു. ദേവതകള്‍ എന്നാല്‍ ഏതെങ്കിലും ഒരു മേഖലയിലെ അഗ്രഗണ്യര്‍ എന്ന് എടുക്കാം.ആ മേഖലാ വിജ്ഞാനത്തിന്റെ, പ്രകാശത്തില്‍ തിളങ്ങുന്നവരാണ് ദേവന്മാര്. അതാണവരുടെ മഹത്വം. അവരിലുള്ള ഊര്‍ജ്ജവും കഴിവും അവരെ പ്രീതിപ്പെടുത്തിയാല്‍ നേടാം എന്ന അറിവിലാണ് അവര്‍ക്കായി പൂജകളും മറ്റും നടത്തുന്നത്. ദേവതയെന്ന വാക്കിന് പ്രകാശമാനമായ ഒരാള്‍ എന്ന അര്‍ത്ഥമാണുള്ളത്. ഈപ്രകാശത്തിന്റെ ഒരംശമാണ് അവരെ ഭജിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.
ഈശ്വരന് ഒന്ന്. എന്നാല്‍ ദേവതകള്‍ അനേകമുണ്ട്. ചിലപ്പോള്‍ ദേവതകളെ പ്രീതിപ്പെടുത്തേണ്ടതായി വരും. അവര്‍ ഭക്തരുടെ അഭീഷ്ടങ്ങള്‍ നടപ്പിലാക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിക്കാണ് വിദ്യയുടെ ദേവതയായ സരസ്വതിയേക്കാള്‍ പ്രശസ്തി.
മൂര്‍ത്തിത്രയങ്ങളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര് ദേവതകളില്‍ ഏറ്റവും ഉയര്ന്നസ്ഥാനമലങ്കരിക്കുന്നു. അവര്‍ക്ക് കൂട്ടായി സഹധര്മ്മിണികളുണ്ട്. ബ്രഹ്മാവിന് സരസ്വതി, വിഷ്ണുവിന് മഹാലക്ഷ്മി, ശിവന് പാര്‍വ്വതി എന്നിങ്ങനെയാണ് ദേവന്മാരുടെ പാതിമെയ്യായ ദേവിമാര്‍. പരമശിവനാണെങ്കില് അര്‍ദ്ധനാരീശ്വരന്‍ എന്നു പ്രസിദ്ധനത്രേ. ബ്രഹ്മാവ് സൃഷ്ടിയുടെ ചുമതല വഹിക്കുന്നു. വിഷ്ണു സുസ്ഥിരമായ ജഗദ്പരിപാലനത്തില് വ്യാപൃതന്. പരമശിവന് സംഹാരകനാണ്. സംഹാരം പുതിയതിനെ കൊണ്ടുവരാനുള്ള നാന്ദിയാണ്. ഇതുമൂന്നും ഭംഗിയായി നടന്നാലേ പ്രപഞ്ചം മുന്നോട്ടുനീങ്ങൂ.
വിഷ്ണുഭക്തരായ വൈഷ്ണവര്‍ അവരുടെ ഭക്തിയെ ഏറ്റവും പവിത്രമായി കണക്കാക്കുന്നു. വിഷ്ണുമാത്രമാണവരുടെ പരമദേവത. വിഷ്ണുവില് അവര്‍ക്കുള്ളത് അചഞ്ചലവിശ്വാസം. ശിവഭക്തരായ ശൈവരും അപ്രകാരംതന്നെ. ബ്രഹ്മാവ് സദാ സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു മാത്രം സ്വന്തമായി ഭക്തജനവൃന്ദമൊന്നുമില്ല.
മൂര്ത്തിത്രയങ്ങളെപ്പറ്റി ഒട്ടനവധി കഥകളും പുരാണങ്ങളും പ്രചാരത്തിലുണ്ട്. നാലുവേദങ്ങളും പതിനെട്ടു പ്രധാനപുരാണങ്ങളും ഈ ദേവതകളുടെ കഥകളാലും തത്വങ്ങളാലും സമ്പന്നമാണ്. ഇതിനിടയില്ശ്രീധര്മ്മശാസ്താവ് ഉണ്ടായത് ശിവവിഷ്ണു സംയോഗത്തിന്റെ ഫലമായാണ്. രണ്ട് പുരുഷഭാവത്തിലുള്ള ദേവതമാര്‍ ഒത്തുചേര്‍ന്നൊരു പുത്രനെ സൃഷ്ടിക്കുക? ശൈവവൈഷ്ണവര്ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ധര്‍മ്മശാസ്താ അവതാരത്തിന് കഴിയുമോ? ഇനി അതേക്കുറിച്ച് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: