വായുവാണ് നക്ഷത്രദേവത. ചരരാശിയായ തുലാം രാശിയില്‍ വരുന്ന നക്ഷത്രവുമാണ് ചോതി. ജീവിതത്തിന്റെ സ്വാഭാവികമായ ചലനവുമായി ഒത്തുപോകാന്‍ ചോതി നാളുകാര്‍ക്ക് എളുപ്പം കഴിയും. നക്ഷത്രങ്ങളുടെ പഴയ ഒരു വര്‍ഗീകരണമനുസരിച്ച് ‘ചരം’ അഥവാ’ ചലം’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ വരുന്നനക്ഷത്രവുമാണ്. (ചോതിയെക്കൂടാതെ പുണര്‍തം, തിരുവോണം, അവിട്ടം, ചതയം എന്നിവയാണ് ‘ചര’ നക്ഷത്രങ്ങള്‍) ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചോതിക്കാര്‍ മനോഭാവത്തില്‍, ചിന്തയില്‍, കര്‍മ്മത്തില്‍ വേഗതയെ പുല്കുന്നവരായിരിക്കും. ‘മനോജവം മാരുതതുല്യവേഗം’ എന്ന ഹനുമാന് സ്വാമിയെക്കുറിക്കുന്ന ധ്യാനശ്ലോക വാക്യം ഇവര്‍ക്കും ഇണങ്ങും. മനസ്സിന്റെ വേഗതയുള്ളവരാണ്, കാറ്റിനൊപ്പം വീശിയടിക്കുന്നവരാണ്.
പക്ഷേ ഈ ചലനോര്‍ജ്ജം ഫലപ്രദമാവണമെങ്കില്‍ ചുറ്റുപാടുകള്‍, ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്നിവയും ഒത്തു വരണമല്ലോ. അതിന് സാധ്യത വിരളമായിരിക്കും. അക്കാരണത്താല്‍ ഇവരുടെ യത്നങ്ങള്‍ ഒട്ടുമിക്കതും പ്രയോജനരഹിതമായി മാറുന്നു. മന്ദമാരുതന് ആകാനും അതുപോലെ ചണ്ഡമാരുതന് ആകാനും വായുവിന് കഴിയും. പ്രഹരശക്തിയുടെ വിനിയോഗം മനുഷ്യനെന്ന നിലയ്ക്ക് കൃത്യമായിക്കൊള്ളണമെന്നുമില്ല. ഇവരുടെ യുദ്ധം ചിലപ്പോള്‍ പുല്‍ക്കൊടിയോടാവാം. ചിലപ്പോള്‍ മഹാപര്വ്വതങ്ങളോടാവാം. രണ്ടിലും വിജയശതമാനം കുറവായിരിക്കും. ജനനം രാഹുദശയില്‍. രണ്ടാം ദശ വ്യാഴത്തിന്റേത്. മൂന്നാംദശ ശനിയുടെ. ഇങ്ങനെ രണ്ട് മഹാമല്ലന്മാരെ (രാഹു, ശനി) പത്തു നാല്‍പ്പത് വയസ്സിനകം നേരിടുക എന്നതും ചെറിയകാര്യമല്ല. അവിടെയും ചലനോര്‍ജ്ജം തടസ്സപ്പെടുകയാണ്.
ഒരു നിരീക്ഷണം കൂടി. നക്ഷത്രങ്ങളില്‍ തിരുവാതിരയും ചോതിയും മാത്രമാണ് ഒറ്റയായി കാണപ്പെടുന്ന നക്ഷത്രങ്ങള്‍. മറ്റുള്ളവ നക്ഷത്ര സമൂഹങ്ങളും. ചോതി ഒറ്റ നക്ഷത്രം എന്നത് അതിന്റെ, ആ നാളില്‍ ജനിച്ചവരുടെ ഏകാന്തഭംഗി കൂട്ടുന്നുണ്ട്. പക്ഷേ സമൂഹത്തോട്, ഒപ്പമുള്ളവരോട് അവര്‍ക്കും, അവരോട് സമൂഹത്തിനും എത്രകണ്ട് ഒത്തിണങ്ങിപ്പോകാന്‍ കഴിയുന്നുണ്ട് എന്നത് വലിയ ചോദ്യമാണ്. ഒരുപക്ഷേ ജീവിതത്തിലെ ചില സമസ്യകള്‍ക്കുള്ള ഉത്തരവുമാണത്. ചോതിക്കാരുടെ ഉള്‍മനസ്സിലേക്ക് ഈ ചെറുപദ്യം വെളിച്ചം പായിച്ചേക്കാം.
‘നില്ക്കുമീ നില്പ്പില് നില്‍ക്കാതെ
നീങ്ങി മുന്നോട്ടു പോയിടാം
പിടിച്ചു തള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നും വരുന്നവര്‍’
ചെറിയ ഒരു ആശയബിന്ദു മാത്രമാണ് അവതരിപ്പിക്കുവാനായത്. ഒന്നിനെക്കുറിച്ചുതന്നെ നൂറായിരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാവും എന്നതാണ് ആര്ഷവിദ്യകളുടെ ആഴവും പരപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: