ഇ. ശ്രീധരന്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന അതിവേഗ റെയില്‍ പാതയെന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരമാബദ്ധമാണ്. റെയില്‍വേ ബോര്‍ഡിനെ മറികടന്ന് അസാധ്യമായ വാഗ്ദാനങ്ങളുമായി വന്‍ തീരുമാനങ്ങളെടുക്കുകയാണ് കേരള സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ പരമാബദ്ധമാണെന്ന് പറയുന്നതിന് പത്തു കാരണങ്ങള്‍ കൃത്യമായും ചൂണ്ടിക്കാണിക്കാനാവും.
- അലൈന്‍മെന്റില്‍ അപാകത. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമാണ്. ഈ പാത നാലുവരിയാക്കുന്നതിന് സില്‍വര്‍ ലൈന്‍ തടസമാകുമെന്നതിനാല്‍ റെയില്‍വേ ഈ അലൈന്‍മെന്റിനെ എതിര്‍ക്കുന്നുണ്ട്. മാത്രമല്ല നിര്‍ദ്ദിഷ്ട പാതയിലെ 140 കിലോമീറ്ററും നെല്‍പ്പാടങ്ങളിലൂടെയാണ്, അതിനാല്‍ അതിവേഗ ട്രെയിനുകള്‍ക്ക് വേണ്ട ഉറപ്പില്ല.
- ട്രാക്കില്‍ ആരും കയറാതിരിക്കാന്‍ ഇരുവശത്തും ഉയരത്തിലുള്ള മതിലുകള്‍ കെട്ടും. ഇത് സുഗമമായ കടന്നു പോകലും മലിന ജലത്തിന്റൈ ഒഴുക്കും തടസ്സപ്പെടുത്തും. ഫലത്തില്‍ ഇത് കേരളത്തെ വടക്കും തെക്കുമായി നെടുകെ വിഭജിക്കുന്ന ‘ചൈനീസ് വന്മതിലാകും.’ ഇത് ഒരു മണ്ടന്‍ തീരുമാനമാണ്. സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍ ലൈനില്‍ നിന്ന് അകലെയായിരിക്കണം, ഒന്നുകില്‍ ഭൂമിക്കടിയിലൂടെ അല്ലെങ്കില്‍ ഉയരത്തില്‍(എലിവേറ്റഡ്). ലോകത്ത് ഒരിടത്തും അതിവേഗ, അര്‍ധ അതിവേഗ പാതകള്‍ ഭൂമിയുടെ നിരപ്പിലില്ല.
- പാതയുടെ സാങ്കേതിക കാര്യങ്ങള്‍ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടില്ല, പ്രത്യേകിച്ച് ഗേജിന്റെ കാര്യത്തില്‍. ഈ ലൈന്‍ റെയില്‍വേയുടെ മൂന്നും നാലും പാതയായി പ്രവര്‍ത്തിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. നിശ്ചിത ഗേജില്‍ അത് സാധ്യമല്ല.
- വരുമാനം കൂട്ടാന്‍, സില്‍വര്‍ ലൈനില്‍ രാത്രിയില്‍ റോ റോ സര്‍വ്വീസുകളും വിഭാവനം ചെയ്യുന്നു. ഇത് സാധ്യമല്ല, കാരണം രാത്രിയിലാണ് പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തുക.
- സില്‍വര്‍ ലൈനിനായി അന്തിമ ലൊക്കേഷന്‍ സര്‍വ്വേ നടത്തിയിട്ടില്ല. ഗൂഗിള്‍ മാപ്പും ലിഡാര്‍ സര്‍വ്വേയും വച്ച് അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കുന്നത് സ്വീകാര്യമല്ല, പ്രത്യേകിച്ച് തിരക്കിട്ട് ഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍. അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തുമ്പോള്‍ ധാരാളം മാറ്റങ്ങള്‍ വരും. ഭൂമി ഏറ്റെടുക്കലിന്റെ പകുതിയും പാഴാകും.
- ഗതാഗത പഠനം, ഭൗമ സാങ്കേതിക സര്‍വേ, പരിസ്ഥിതി പഠനം സാമൂഹ്യാഘാത പഠനം എന്നിവ നടത്തിയിട്ടില്ല. ഊഹങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനമാക്കിയാണ്, വിശദമായ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) തയ്യാറാക്കിയിരിക്കുന്നത്. സ്വഭാവികമായി ചെലവ് കണക്കും ഗതാഗതവും സാമ്പത്തിക വശവും വിശ്വസനീയമല്ല. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ചിരിക്കുകയാണ്, പൊതുജനങ്ങള്‍ക്ക് അത് ലഭ്യമല്ല.
- നിലവിലുള്ള പാതയുടെ അതേ തലത്തിലാണെന്ന അടിസ്ഥാനത്തില്‍, ചെലവ് കണക്ക് (കോസ്റ്റ് എസ്റ്റിമേറ്റ്) മൂടിവച്ചിരിക്കുകയാണ്. ഭൂമിയുടെ നിരപ്പിലുള്ള അതിവേഗ ലൈനിനെ ജനങ്ങള്‍ എതിര്‍ക്കും, റെയില്‍വേ വിദഗ്ധരും പരിസ്ഥിതി വിദഗ്ധരും എല്ലാം എതിര്‍ക്കുന്നതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്.
- ഭൂമി നിരപ്പിലുള്ള സെമി ഹൈ സ്പീഡ് പാത പോലും ഒരുപാട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. 20,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ഭൂമി ലഭ്യമല്ലാത്ത കേരളത്തിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ല.
- സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ 75,000 കോടി വേണ്ടിവരുമെന്നും പൂര്‍ത്തിയാകുന്നതോടെ 1,10,000 കോടിയാകും ചെലവെന്നുമാണ് കണക്കാക്കുന്നത്. 180 കിലോമീറ്റര്‍ വേഗതയുള്ള ദല്‍ഹി റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുടെ നിരക്ക് പ്രകാരമാണ് ഞാന്‍ ഈ ചെലവ് കണക്കാക്കിയത്.
- 2025ല്‍ പാത പൂര്‍ത്തിയാകുമെന്ന കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അവകാശ വാദം പദ്ധതി തയ്യാറാക്കിയ ഏജന്‍സി ഇതേക്കുറിച്ച് എത്രമാത്രം അജ്ഞരാണെന്ന് കാണിക്കുന്നു. ഡിഎംആര്‍സിയെപ്പോലെ രാജ്യത്തെ ഏറ്റവും നല്ല ഏജന്‍സിക്കു പോലും ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ എട്ടു മുതല്‍ പത്തു വര്‍ഷം വരെ വേണം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഏല്‍പ്പിച്ച 27 റെയില്‍വേ മേല്‍പ്പാലത്തില്‍ ഒന്നിന്റെ പോലും പണി തുടങ്ങാന്‍ കെആര്‍ഡി സിഎല്ലിന് സാധിച്ചിട്ടില്ല.
- വ്യാജവാഗ്ദാനങ്ങളും തെറ്റായ കണക്കുകളും യാഥാര്‍ഥ്യ ബോധമില്ലാത്ത പൂര്‍ത്തിയാക്കല്‍ തീയതിയും പിഴവുകളുള്ള സാങ്കേതിക കണക്കുകളും കൊണ്ടുള്ള നീക്കം ബിജെപി അനുവദിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേരളം ലാഭകരമല്ലാത്ത ഒരു പദ്ധതിക്കുവേണ്ടി എവിടെ നിന്ന് 1,10,000 കോടിരൂപ കണ്ടെത്തും.
- ആരാണ് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതെന്ന് ചിന്തിക്കണം. ബിജെപിയും യുഡിഎഫും ഉള്‍പ്പെട്ട പ്രതിപക്ഷം കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.
- നിലമ്പൂര്‍ നഞ്ചന്‍കോട് എന്ന അവശ്യ പാത തുടങ്ങുന്നതില്‍ നിന്ന് ഡിഎംആര്‍സിയെ തടഞ്ഞത് ആരാണ്? ഷൊര്‍ണ്ണൂര്‍-മൈസൂര്‍ യാത്രാദൂരം 197 കിലോമീറ്റര്‍ കുറയ്‌ക്കുന്ന, പദ്ധതിക്ക് ഡിഎംആര്‍സിക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
- ഷൊര്‍ണ്ണൂര്‍ ജങ്ഷനിലെ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുന്ന, തൃശ്ശൂര്‍-ഗുരുവായൂര്‍ പാത തിരുനാവായ വരെ നീട്ടുന്നതിനെ എതിര്‍ത്തത് ആരാണ്?
- കേരളത്തിലെ പാതയിരട്ടിപ്പിക്കല്‍ എന്തുകൊണ്ടാണ് ഇഴയുന്നത്? സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതാണ് കാരണം തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതി തടഞ്ഞത് ആരാണ്? പദ്ധതി തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ ട്രെയിനുകള്‍ ഓടുമായിരുന്നില്ലേ?
- 2010 ല്‍ അച്യുതാനന്ദന്റെ കാലത്ത് തുടങ്ങിയ അതിവേഗ റെയില്‍വേ 2016ല്‍ ആരാണ് തടഞ്ഞത്. എല്‍ഡിഎഫില്‍ പോലും പലരും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരാണ്, പക്ഷെ അഭിപ്രായം പറയാന്‍ പോലും അനുവദിക്കുന്നില്ല. മുഴുവന്‍ ചെലവും വഹിക്കാമെന്ന് വാഗ്ദാനം നല്‍കി, റെയില്‍വേ ബോര്‍ഡിനെ മറികടക്കുന്നത് വലിയ പിഴവാണ്. അസാധ്യമായ വാഗ്ദാനം നല്‍കാന്‍ സര്‍ക്കാരിനെ ആരാണ് അധികാരപ്പെടുത്തിയത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: