ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബിസിസിഐ. ഇത്തരം ഒരു നിര്‍ദേശം ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ല. ഈ വാര്‍ത്തകള്‍ എവിടെനിന്നു വരുന്നതാണെന്ന് പരിശോധിക്കുമെന്നും ബിസിസിഐ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡല്ല. കായിക താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്ക്ക് ഒരു റോളുമില്ലന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ബിസിസിഐ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നും നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയെന്ന് വാര്‍ത്തകര്‍ പുറത്തുവന്നതിന് പിന്നാലെ ബിസിസി ഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഗൗരവ് ഗോയല്‍ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം നിയമവിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഗൗരവ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ‘ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ബിസിസി ഐ ഈയിടെ ഉള്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. നിങ്ങളുടെ ഭക്ഷണചര്യയില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്താന്‍ ആരാണ് അവകാശം തന്നത്- ഗൗരവ് ഗോയല്‍ ചോദിച്ചു.
എന്താണ് ഹലാല്‍ എന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഇത് നിമയവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ തീരുമാനം എടുക്കാന്‍ ബിസിസിഐയെ രാജ്യം ഒരിയ്ക്കലും സമ്മതിക്കില്ല. ഈ തീരുമാനം ഉടനടി പിന്‍വലിക്കണം. ഈ തീരുമാനം രാജ്യത്തിന് ഗുണകരമായി മാറില്ലെന്നും ഗൗരവ് ഗോയല്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അടിയന്തരമായി ബിസിസിഐ പ്രസ്താവന പുറത്തിറക്കി വ്യാജവാര്‍ത്ത തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: