കേരളത്തെ രണ്ടായി വെട്ടിമുറിച്ചുണ്ടാക്കുന്ന കെ-റെയില്‍ പദ്ധതിയുമായി ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് പദ്ധതി വഴിവയ്‌ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പരിസ്ഥിതിയാഘാത പഠനം പോലും നടത്താതെ പദ്ധതിക്ക് തുടക്കമിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിടുക്കം കാണിക്കുന്നത്. തന്റെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മുഖ്യമന്ത്രി ഇതിനെ ചിത്രീകരിക്കുന്നതില്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന ഒരു പദ്ധതിയില്‍ എന്തുകൊണ്ടാണ് ശരിയായ സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും നടത്താത്തത്? ഇത്തരം ശാസ്ത്രീയപഠനങ്ങള്‍ നടത്തിയാല്‍ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ ശരിവയ്‌ക്കപ്പെടുമെന്നതു തന്നെ കാരണം. പദ്ധതിക്ക് വികസനപരിവേഷം നല്‍കി, എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും മോശക്കാരാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭയില്‍പ്പോലും ശരിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ആരെതിര്‍ത്താലും പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. വികസനമാണ് ലക്ഷ്യമെങ്കില്‍ തുറന്ന ചര്‍ച്ചയ്‌ക്ക് മടിക്കേണ്ടതില്ലല്ലോ. അതിന് തയ്യാറാവാത്തതുതന്നെ സര്‍ക്കാരിന് പലതും മറച്ചുപിടിക്കാനുണ്ട് എന്നതിന്റെ തെളിവാണ്.
ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ മതിലുയര്‍ത്തിയാണ് റെയില്‍പ്പാത നിര്‍മിക്കുക. ഇതിനുവേണ്ടി നൂറു കണക്കിനേക്കര്‍ പാടമാണ് നികത്തുക. രാത്രി ഒരു നല്ല മഴ പെയ്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നവരോട് ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കുമെന്നു മാത്രമാണ് സര്‍ക്കാരിന് പറയാനുള്ളത്. എത്ര വില നല്‍കിയാലും പറിച്ചെറിയപ്പെടുന്നവരുടെ ജീവിതങ്ങള്‍ക്ക് അത് പകരമാവില്ല. തകര്‍ക്കപ്പെടുന്ന പരിസ്ഥിതി പുനഃസ്ഥാപിക്കാനാവില്ല. പദ്ധതി നിര്‍മാണത്തിനുള്ള കരിങ്കല്ലുകള്‍ ക്വാറികളില്‍ നിന്നാണ് പൊട്ടിച്ചെടുക്കുക. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം നിയമവിരുദ്ധമായുള്ള ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വീണ്ടുവിചാരമില്ലാതെ ക്വാറികള്‍ തുടങ്ങി പാറകള്‍ പൊട്ടിച്ച് ദുരന്തം ക്ഷണിച്ചുവരുത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എതിര്‍ക്കുന്നവരെ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടുപോയാല്‍ കെ- റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമായി മാറും. ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞത് നന്ദിഗ്രാം പ്രക്ഷോഭമാണ്.
കെ-റെയില്‍ ഒരുവിധത്തിലും ലാഭകരമാവില്ലെന്ന് കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ച് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത നിരക്കില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാലുമണിക്കൂറിനുള്ളില്‍ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരിക്കും. മരണാനന്തര ചടങ്ങിനും വിവാഹത്തിലും മറ്റും പങ്കെടുത്ത് ഒറ്റ ദിവസംകൊണ്ട് തിരിച്ചുപോകാമെന്നതിനാല്‍ യാത്രക്കാരുണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയുള്ളവര്‍ എത്ര പേര്‍? അതിസമ്പന്നരായ ഇത്തരക്കാരില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് കെ-റെയിലിന്റെ നടത്തിപ്പ് സാധ്യമാവില്ല. സാമ്പത്തികമായി സമ്പൂര്‍ണ പരാജയമായിരിക്കുമിത്.
ഒരു ലക്ഷം കോടിയിലേറെ ചെലവുവരുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ രഹസ്യം എല്ലാവര്‍ക്കുമറിയാം. പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതൊക്കെ തങ്ങള്‍ വഹിച്ചുകൊള്ളാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കടമെടുപ്പാണ് മനസ്സിലിരുപ്പ്. സഹജമായ ധാര്‍ഷ്ട്യം മാറ്റിവച്ച് പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ വളരെ സൗമനസ്യത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. എങ്ങനെയെങ്കിലും ഈ പദ്ധതിക്ക് തുടക്കംകുറിക്കുക. പദ്ധതിക്കു വേണ്ടിവരുന്ന ഭീമമായ തുക തരപ്പെടുത്തുക എന്നതാണ് തന്ത്രം. കേരളത്തിലെ ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയിലേക്ക് തള്ളിയിടുന്ന ഈ നശീകരണ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ ഇത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: