കൊല്ലം: വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലെ കണ്സെഷന് സംബന്ധിച്ച് തീരുമാനം എടുക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു.
ചില സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞിട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടോ ഫലമില്ല, സ്കൂളിലും കോളേജിലും എത്തിപ്പെടണമെങ്കില്‍ മുഴുവന്‍ നിരക്കും കൊടുക്കേണ്ടിവരുന്നു. എല്ലാ അധ്യയന വര്‍ഷവും ആര്‍ടി ഓഫീസുകളില്‍ നിന്ന് നല്കുന്ന കണ്സെഷന് കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യാത്തതാണ് കാരണം. വിദ്യാര്‍ഥി യൂണിയനുകളുടെയും ബസ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി യോഗം വിളിച്ചുചേര്ക്കാത്തതാണ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ വൈകുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലകളും അലോട്ട്മെന്റ് സംവിധാനം പിന്തുടരുന്നതിനാല് വീടുകളില്‍ നിന്ന് പത്തും അമ്പതും കിലോമീറ്റര്‍ അകലെയുള്ള സ്കൂളുകളിലും കോളേജുകളിലുമാണ് പലര്‍ക്കും പ്രവേശനം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസേന 100 രൂപവരെ യാത്രാ നിരക്ക് നല്കേണ്ടിവരുന്ന വിദ്യാര്‍ഥികളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കും ഇത് അധികബാധ്യതയാവുന്നു. സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും സ്വകാര്യ ബസുകാര് വിദ്യാര്‍ഥികളില്‍നിന്ന് മുഴുവന്‍ നിരക്കും ഈടാക്കുന്നതായും മറ്റ് യാത്രക്കാരുടെ മുമ്പില്‍വെച്ച് അധിക്ഷേപിക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദിനംപ്രതി ആവര്‍ത്തിക്കുമ്പോഴും അധികാരികള്‍ മൗനം പാലിക്കുകയാണ് എന്ന് രക്ഷാകര്ത്താക്കള് ചൂണ്ടികാട്ടുന്നു. കോളേജ് വിദ്യാര്‍ഥികളാണ് ബസ് ജീവനക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത്. അതേസമയം, ജീവനക്കാരില്‍ വിദ്യാര്‍ഥികളോട് സൗഹാര്‍ദത്തില്‍ പെരുമാറുന്നവരും സൗജന്യ നിരക്ക് അനുവദിക്കുന്നവരുമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എത്രയും വേഗം വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസിലും കണ്സെഷന് അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: