ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മന്ത്രിസഭയിലേക്ക് വരുന്ന 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് 12 എംഎല്‍എമാര്‍ ബഹിഷ്കരിക്കും. ഇതില്‍ ബിഎസ്പിയില് നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ നാല് എംഎല്‍എമാരും ഉള്‍പ്പെടും.
ബിഎസ്പിയില് നിന്നും കോണ്‍ഗ്രസിലേക്ക് മറായി ലഖന്‍ മീണ, വാജിബ് അലി, ജോഗീന്ദര്‍ അവാന, സന്ദീപ് യാദവ് എന്നിവര്‍ ചടങ്ങ് ബഹിഷ്കരിക്കും. ആല്‍വാറില്‍ നിന്നുള്ള ആറ് എംഎല്‍എമാരും ഭരത്പൂരില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും ചടങ്ങ് ബഹിഷ്കരിക്കും. ഇവരെല്ലാവരും ഉറച്ച അശോക് ഗെഹ്ലോട്ട് പക്ഷക്കാരാണ്. നേരത്തെ സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിമതനീക്കം തോല്പിച്ച് ഗെഹ്ലോട്ടിനൊപ്പം ഉറച്ച് നിന്ന ഈ എംഎല്‍എമാരെ മന്ത്രിസഭാ പുനസംഘടനയില്‍ തഴഞ്ഞുവെന്നതാണ് ഇവരുടെ പരാതി.
‘അഴിമതിയാരോപണങ്ങള്‍ ഉള്ളവരടക്കമുള്ള എംഎല്‍എമാരെ മന്ത്രിസഭയില്‍ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ ജയിച്ചുവന്നവരാണ്. കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് വേണ്ട പ്രാധാന്യം തന്നില്ല,’ ബിഎസ്പിയില് നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ വാജിബ് അലി പറഞ്ഞു. നേരത്തെ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ പിന്തുണച്ചവരാണ് ഈ എംഎല്‍എമാര്‍. അന്ന് സച്ചിന് പൈലറ്റ് മന്ത്രിസഭാ വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അത് വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചവരാണ് ഇവര്‍.
പുതുതായി 15 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അതില്‍ അഞ്ച് പേര് സച്ചിന് പൈലറ്റ് ക്യാമ്പില്‍ നിന്നുള്ളവരും ആറ് പേര് അശോക് ഗെഹ്ലോട്ട് ക്യാമ്പില്‍ നിന്നും ഉള്ളവരാണ്. സച്ചിന് പൈലറ്റ് പക്ഷക്കാരായ ഹേമറാം ചൗധരി, മുരാരി ലാല്‍ മീണ, സാഹിദ ഖാന്, രാജേന്ദ്ര സിംഗ് ഗുധ, ബ്രിജേന്ദ്ര ഒല എന്നിവര്‍ മന്ത്രിമാരാകും. മഹേന്ദ്രജീത് സിംഗ് മാള്‍വിയ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്വാള്, മഹേഷ് ജോഷി, രാംലാല്‍ ജാഠ്, വിശ്വേന്ദ്ര സിംഗ്, മമത ഭൂപേഷ്, ടികാറാം ജൂലി, രമേഷ് മീണ, ഭജന്‍ലാല്‍ ജാതവ് എന്നിവരാണ് അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ മറ്റ് മന്ത്രിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: