പത്തനംതിട്ട: ശബരിമല ഭക്തര്‍ക്ക് നിലയ്ക്കലില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 41 ദിവസക്കാലം വൃതാനുഷ്ഠാനം നടത്തുന്ന അയ്യപ്പ ഭകതര്‍ക്ക് ശാസ്ത്ര വിധി അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിലയ്ക്കല്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം.
തീര്‍ത്ഥാടനം തുടങ്ങി 6 ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യപ്പ തീര്‍ത്ഥാടനം സുഗമമാക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭക്തര്‍ക്ക് വേണ്ട വാഹന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത് മൂലം ഇന്ന് രാവിലെ നിരവധി അയ്യപ്പന്മാര് വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. മണിക്കൂറുകളോളം നിലയ്ക്കലില്‍ അവര്‍ തമ്പടിച്ചു. ആവശ്യത്തിന് ടോയ്ലറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല . 8 ബ്ലോക്കുകളിലായി 400 ഇല് പരം ശൗചാലയങ്ങള്‍ നിലയ്ക്കലില്‍ ഉണ്ട് . അവയില്‍ ഒരു ബ്ലോക്ക് മാത്രമാണ് ഇതുവരെ തുറന്ന് കൊടുത്തിട്ടുള്ളതെന്നും നിലയ്ക്കല്‍ സന്ദര്‍ശിച്ച ശേഷം കുമ്മനം പറഞ്ഞു.
വിരിവെച്ചു വിശ്രമിക്കാന്‍ ഷെല്‍ട്ടറുകള്‍ തുറന്നുകൊടുക്കണം. 40 ഓളം കടകളും ഹോട്ടലുകളും ഉണ്ടായിരുന്ന സ്ഥാനത്തു ഒരു ഹോട്ടല്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. കുടിവെള്ള വിതരണം തടസ്സം കൂടാതെ നടത്തുന്നതിന് നിലയ്ക്കല്‍ ഉള്ള ജല ശ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തണം. അന്നദാനം പരിമിതമായ തോതില്‍ മാത്രമേ നടക്കുന്നുള്ളുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി. വൃതാനുഷ്ഠാന കാലത്തു തീര്ഥയാത്രയില് ചെയ്യേണ്ട കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കുമെന്നും പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്ത് അയ്യപ്പ ദര്‍ശനം നടത്തുമെന്നും വൃതകാലത്തു ഭക്തര്‍ പ്രതിജ്ഞയെടുക്കാറുണ്ട്. ഇത് അവരുടെ ഒരു നേര്‍ച്ചയാണ്. അത് നിറവേറ്റാന്‍ പമ്പാ സ്നാനം കഴിഞ്ഞു നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരി പീഠത്തില്‍ എത്തിയ ശേഷം ശബരി മാതാവിനെ വണങ്ങി പരമ്പരാഗത യാത്ര പൂര്‍ത്തിയാക്കാന്‍ അയ്യപ്പന്മാരെ അനുവദിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
അപ്പാച്ചിമേട്ടില്‍ അരി ഉണ്ട എറിഞ്ഞു ഭൂത ഗണങ്ങള്‍ക്കും പൂങ്കാവനത്തിലെ ജന്തു ജീവജാലങ്ങള്‍ക്കും അന്നം നല്‍കുന്നത് ഒരു വഴിപാടാണ്. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര നിരോധിച്ചതിനാല്‍ ഈ ചടങ്ങുകളും അനുഷ്ഠാനവും നടത്താന്‍ അയ്യപ്പന്മാര്ക്ക് ആവുന്നില്ലെന്നും കുമ്മനം ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: