ന്യൂദല്‍ഹി: വെള്ളിയാഴ്ച നമസ്‌കാരത്തിനടക്കം മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്‌ക്കായി ഗുരുദ്വാരകള്‍ തുറന്നു നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗുരുദ്വാര സിംഗ് സഭയാണ് അഞ്ചു ഗുരുദ്വാരകള്‍ മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിന് തുറന്നുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, സമുദായത്തില്‍ നിന്നു കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയാണെന്നു ആരാധനാലയ മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. ആരാധനാലയത്തിന്റെ പരിസരം നമസ്‌കരിക്കാനുള്ള ഇടമാക്കാനുള്ള തീരുമാനവുമായി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സിഖ് സമുദായ അംഗങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിന് ഗുരുദ്വാര തുറന്നു നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ഹിന്ദു സംഘര്‍ഷ് സമിതിയുടെ അംഗങ്ങള്‍ ഉച്ചയ്‌ക്ക് 12 മണിയോടെ ഗുരുദ്വാരയിലെത്തി, ‘ഗുരു തേജ് ബഹാദൂര്‍ഹിന്ദ് കി ചാദര്‍’ എന്ന തലക്കെട്ടില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ഉച്ചയ്‌ക്ക് 2 മണി വരെ അവിടെ തങ്ങുകയും ചെയ്തിരുന്നു. ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരിസരത്ത് നമസ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിക്കാനല്ല ഞങ്ങള്‍ അവിടെ പോയതെന്നു സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയുടെ നിയമ ഉപദേഷ്ടാവ് കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു. വീടിനുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല, അത് ഏത് സമൂഹത്തില്‍ നിന്നായാലും. പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിന് ഞങ്ങള്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് മുഫ്തി മുഹമ്മദ് സലിം, ഗുരുഗ്രാം മുസ്ലീം കൗണ്‍സില്‍ സഹസ്ഥാപകന്‍ അല്‍ത്താഫ് അഹ്മദ് എന്നിവരുള്‍പ്പെടെയുള്ള ഒരു സംഘം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഗുരുദ്വാര കമ്മിറ്റി അംഗങ്ങളെ സന്ദര്‍ശിച്ച് സമാധാന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: