കാഞ്ഞാണി: പ്രൊഫ.വൈ.എസ്. മൂർത്തി ദേശീയ പുരസ്കാരം തൃശൂർ എറവ് സ്വദേശി ഡോ.കെ.എ. സുജനക്ക്. രാജ്യത്തെ ചെടികളുടെ വർഗ്ഗീകരണ ശാസ്ത്ര മേഖലയിലും രൂപവിജ്ഞാന മേഖലയിലും നിസ്തുല സംഭാവന നൽകിയതിനാണ് ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ ഈ അംഗീകാരം.
കോയമ്പത്തൂരിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഡോ.സുജന. 17 വർഷമായി ചെടികളുടെ വർഗീകരണ ശാസ്ത്ര മേഖലയിലും, രൂപ വിജ്ഞാന മേഖലയിലും പ്രവർത്തിച്ചു വരുന്നു. ഇക്കാലയളവിൽ 20 പുതിയ സസ്യങ്ങളെ കണ്ടെത്തുകയും അവയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്താനും സുജനക്ക് കഴിഞ്ഞു.
പശ്ചിമഘട്ടത്തിലെ വള്ളിചെടികളെ കുറിച്ചുള്ള പഠനത്തിനാണ് യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്നും ഡോക്ടറേറ്റ് നേടിയത്. ഇതിന് പുറമെ വംശനാശ ഭീഷണി നേരിടുന്ന ചെടികളെ കുറിച്ചുള്ള പഠനം ഇന്ത്യയിലെ മിക്കവാറും എല്ലാ തരത്തിലുമുള്ള ഭൂപ്രദേശങ്ങൾ മുഴുവനും സഞ്ചരിച്ച് നടത്തിയിട്ടുണ്ട്. ഒഡീഷ, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി വർഗക്കാർ ഉപയോഗിക്കുന്ന ചെടികളെ കുറിച്ചും അവയുടെ ഉപയോഗ രീതികളെ പറ്റിയും പഠനം നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ തമിഴ്നാട്ടിലെ കന്യാകുമാരി, ഒഡീഷയിലെ കുൽദിഹ എന്നിവിടങ്ങളിലെ ചെടികളുടെ വൈവിധ്യത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും പഠന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക ദേശത്തെ എല്ലാ വിഭാഗം ചെടികളുടെയും പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഇന്ത്യൻ ഫ്ലോറ വാള്യം 11, തമിഴ്നാട് ഫ്ലോറ വാള്യം 2, കേരള ഫ്ലോറ വാള്യം 4 എന്നിവ തയ്യാറാക്കുന്നതിലും ഡോ.സുജന പങ്കു വഹിച്ചിട്ടുണ്ട്. സുജനയുടെ ഗവേഷണങ്ങളും പ്രബന്ധങ്ങളും നിരവധി ദേശീയ, അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ചെടികളുടെ വർഗ്ഗീകരണത്തിന് ശാസ്ത്ര മേഖലയിൽ പുതിയ കണ്ടെത്തലുകൾ നടത്തി കൊണ്ട് രാജ്യത്തെ ശാസ്ത്ര മേഖലയെ സമ്പന്നമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡോ.സുജന പറഞ്ഞു. രാജസ്ഥാനിലെ ജെ.എൻ. വ്യാസ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ 144 -ാമത് സമ്മേളനത്തിൽ വച്ച് ദേശീയ പുരസ്കാരം ഡോ.സുജന ഏറ്റുവാങ്ങി.
പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലും വയനാട്ടിലെ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലും ഗവേഷകയായി സുജന ജോലി നോക്കിയിട്ടുണ്ട്. എറവ് ആറാം കല്ല് കാഞ്ഞിരപ്പറമ്പിൽ അർജുനന്റെ മകളാണ് ഡോ.കെ.എ. സുജന. ശാസ്ത്രജ്ഞനായ ജോസഫ് ജോണാണ് സുജനയുടെ ഭർത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: