നവംബര്‍ 19 സിഖ് മതാചാര്യന് ഗുരുനാനാക്ക് ജയന്തിയായിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സന്ദേശം നല്കുന്നു എന്നായിരുന്നു അറിയിപ്പ്. എല്ലാവരും ചെവി കൂര്‍പ്പിച്ചു. ഗുരുനാനാക്കിന്റെ തത്വവും മഹത്വവും ഹ്രസ്വമായി വിവരിച്ച പ്രധാനമന്ത്രി, കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്കായ് ഏര്‍പ്പെടുത്തിയ ഗുണപരമായ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും പരാമര്‍ശിച്ചു. രാഷ്ട്രീയ തിമിരം ബാധിക്കാത്തവര്‍ക്കെല്ലാം അത് ബോധ്യവുമാണ്. എന്നിരുന്നാലും കാര്‍ഷിക മേഖലയിലെ ഇടത്തട്ടുകാരെ ഒഴിവാക്കാനും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള മൂന്ന് നിയമ നിര്‍മ്മാണത്തിനെതിരെ വലിയതോതില്‍ തെറ്റിദ്ധാരണ പരത്തി. തുടര്‍ന്നുണ്ടായ സമരത്തില്‍ കര്‍ഷകര്‍ പലരും പെട്ടുപോയി. ഒരു വര്‍ഷത്തോളം കാര്‍ഷികവൃത്തി ഉപേക്ഷിച്ച് സമര രംഗത്തിറങ്ങി ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റുകൊണ്ടല്ല ഈ കഷ്ടപ്പാടുകള്‍ എന്നറിഞ്ഞുകൊണ്ടുതന്നെ കര്‍ഷക ജനതയ്ക്കുണ്ടായ പ്രയാസത്തില്‍ പ്രധാനമന്ത്രി ക്ഷമ ചോദിച്ചു. അതോടൊപ്പം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള നിശ്ചയം അറിയിക്കുകയും ചെയ്തതാണ് ലോകം കേട്ടത്.
വരാന്‍ പോകുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം പിന്‍വലിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കും. ഇത് നരേന്ദ്ര മോദിയുടെ കീഴടങ്ങലായി വ്യാഖ്യാനിക്കുന്നു. കര്‍ഷക സമരത്തിന്റെ വിജയമെന്ന് കൊട്ടിഘോഷിക്കുന്നു. കുറേയേറെ ജനങ്ങള്‍ നടത്തിയ സമരത്തിന് നേരെ മുഖം തിരിച്ച് നിന്ന സര്‍ക്കാരിനെയല്ല നരേന്ദ്ര മോദി നയിക്കുന്നത്. പതിമൂന്നു തവണ സമരക്കാരുമായി ചര്‍ച്ച നടത്തിയത് പിടിവാശിയുള്ളതുകൊണ്ടായിരുന്നോ? പിടിവാശി സമരക്കാര്ക്കായിരുന്നില്ലെ? ഇനിയും ചര്‍ച്ച നടത്താനുള്ള സന്നദ്ധതയെ തട്ടിമാറ്റിയത് സമരക്കാരായിരുന്നില്ലെ? സ്വന്തം ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് കീഴടങ്ങലാണെങ്കില് അതല്ലേ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടി ?
കവാടത്തില്‍ മുത്തമിട്ടുകൊണ്ട് പാര്‍ലമെന്റിലേക്ക് കാലെടുത്ത വച്ച ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഉന്നതമായ ജനാധിപത്യബോധമാണ് ഒരിക്കല്‍ക്കൂടി പ്രകടമായത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ഭയന്നാണ് മോദിയുടെ തീരുമാനമെന്ന വിമര്‍ശനവും വന്നു. ഭരണാധികാരി ജനങ്ങളെ ഭയക്കണമല്ലോ. അപ്പോഴല്ലേ ജനാധിപത്യം സാര്‍ത്ഥകമാവുകയുള്ളൂ.
സമരത്തിനിടയില്‍ എഴുന്നൂറോളം കര്‍ഷകര്‍ മരണപ്പെട്ടതായി ചിലര്‍ വിലപിക്കുന്നു. സമരം നടത്തിയില്ലെങ്കിലും കര്‍ഷകര്‍ മരിക്കാറില്ലെ? കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഭരണ കാലങ്ങളില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലേ ? കേരളത്തിലും കര്‍ഷക ആത്മഹത്യ ഇപ്പോഴും നടക്കുന്നില്ലേ?. ഒരു വര്‍ഷത്തിലധികം സമരം നീണ്ടു. വഴി തടയലും അക്രമരീതികളും കണ്ടു. സമരക്കാര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായോ? പോലീസ് വെടിവയ്പ്പില്‍ എത്ര പേര് മരണപ്പെട്ടു. സമരങ്ങളെ ലാത്തിയും തോക്കും ഉപയോഗിച്ച് നേരിട്ട എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോദിക്ക് ധാര്‍ഷ്ട്യമെന്ന് കുറ്റപ്പെടുത്തുകയാണല്ലോ രാഹുലും എ.കെ. ആന്റണിയും പ്രിയങ്കയുമൊക്കെ. ആന്റണിയുടെ ഭരണകാലത്തല്ലെ കേരളത്തില്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി വനവാസികളുടെ സുദീര്‍ഘമായ സമരമുണ്ടായത്. ഒരു തുണ്ടു ഭൂമിപോലും വനവാസികള്‍ക്ക് നല്‍കിയോ? വയനാട് മുത്തങ്ങയില്‍ സമരം നടത്തിയ സ്ത്രീകളടക്കമുള്ള സമരക്കാര്‍ക്കെതിരെ നിറ ഉതിര്ത്തില്ലേ? വനവാസിയെ ചുട്ടുകൊന്നില്ലേ?
കര്‍ഷക നിയമത്തിനെതിരെ മുഖ്യമന്ത്രിയായിരിക്കെ പഞ്ചാബില്‍ അമരീന്ദര്‍ സിംഗാണ് സമരത്തിന് തുടക്കമിട്ടത്. അദ്ദേഹം നിലപാട് മാറ്റിയിരുന്നു. ആദ്യമായി മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്. ”കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു അദ്ദേഹം. ‘വലിയ വാര്‍ത്ത. എല്ലാ പഞ്ചാബികളുടേയും ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ഇനിയും മുന്നോട്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല എന്ന ഹാഷ്ടാഗിനൊപ്പം അമരീന്ദര്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്തിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തെ ആദ്യം ശക്തമായി പിന്തുണച്ച് രംഗത്തുവന്ന നേതാവായിരുന്നു അമരീന്ദര്‍. നിയമം പിന്‍വലിക്കണമെന്ന് അദ്ദേഹം പല തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യഥാര്‍ത്ഥ ജനകീയ നേതാക്കളുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് നടപടിയിലേക്ക് നീങ്ങുന്നതും ജനാധിപത്യ മര്യാദ പ്രകടിപ്പിക്കുന്നതിന്റെ ഉദാഹരണം തന്നെ. കര്‍ഷകരെയും പൊതുസമൂഹത്തെയും നിരന്തരം അവഗണിക്കുകയും അവഹേളിക്കുകയും ചെയ്ത ഭരണാധികാരികള്‍ നമ്മുടെ മുന്നിലുണ്ട്. കേരളത്തില്‍ വിമോചന സമരം മുതല്‍ ഇങ്ങോട്ടുള്ള സമരങ്ങളോടെല്ലാം പാപം ചെയ്ത ഭരണക്കാരാണ് നരേന്ദ്രമോദിയെ പ്രഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. പാപം ചെയ്യാത്തവര്‍ക്കേ കല്ലെറിയാന്‍ അര്‍ഹതയുള്ളൂ. സാഹോദര്യവും തുല്യതയും സ്നേഹവും നന്മയും ഉയര്‍ത്തിപ്പിടിച്ച മഹാനായിരുന്നല്ലൊ ഗുരുനാനാക്ക്. സദാചാര നിഷ്ഠയും മത സഹിഷ്ണുതയും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിട്ട ഗുരുനാനാക്കിന്റെ ജയന്തിയില്‍ തന്നെ പുതിയൊരു പാതയാണ് നരേന്ദ്രമോദി തുറന്നിരിക്കുന്നത്. അതിനെ പ്രശംസിക്കുന്നതാണ് നേരായ വഴി. വഴിമുടക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്കാണ് ഗതിമുട്ടാന് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: