ഹരീഷ് പി കടയപ്രത്ത്
വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ വസന്തകാലമെത്തുന്നു. ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളില്‍ ഒന്നായ, ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി)യ്ക്ക് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2020-നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അന്‍പത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊവിഡ് കാലമായതിനാല്‍ നടത്തിയത് ഒന്നാംതരംഗം കഴിഞ്ഞ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കിയ 2021 ജനുവരിയിലായിരുന്നു. രണ്ടാംതരംഗം വീണ്ടും ഈ ചലച്ചിത്രമേളയുടെ കലണ്ടറിന്റെ താളം തെറ്റിക്കുമോ എന്ന് ചലച്ചിത്രാസ്വാദകര്‍ക്ക് ശങ്കയുണ്ടായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനാലും വാക്സിനേഷന് ഡ്രൈവ് ദ്രുതഗതിയില്‍ മുന്നേറുന്നതിനാലും കലണ്ടറനുസരിച്ചുതന്നെയാണ് ഇന്ത്യയുടെ അന്‍പത്തിരണ്ടാമത് അന്താരാഷ്ട്രചലച്ചിത്രമേള ഗോവയിലെ പനാജിയില്‍ നടക്കുന്നത്. പതിവുപോലെ 2021 നവംബര്‍ 20-ന് ഇഫിയ്ക്ക് തിരി തെളിയും. 28 വരെ നീണ്ടു നില്ക്കും. കഴിഞ്ഞ തവണത്തേതു പോലെ നേരിട്ടും ഓണ്‍ലൈന്‍ ആയും പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്രമേളയുടെ ഫോര്‍മാറ്റിന് മാറ്റമൊന്നുമില്ല. പതിവുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും മേളയിലുണ്ടാവും. അന്താരാഷ്ട്ര മത്സരവിഭാഗത്തിനുള്ള 15 ചിത്രങ്ങള്‍ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫിന്‍ലന്റില്‍ നിന്നുള്ള ഹമി റംസാന് സംവിധാനം ചെയ്ത ‘എനി ഡേ ‘, പരാഗ്വേയില്‍ നിന്നുള്ള സിമോണ്‍ ഫ്രാങ്കോ സംവിധാനം ചെയ്ത ‘ഷാര്‍ലറ്റ്’, ഇന്ത്യയില്‍ നിന്നുള്ള നിഖില്‍ മഹാജന് സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ഗോദാവരി’, റൊമാനിയയില്‍ നിന്നുള്ള റാഡു മുണ്ടെന്‍ സംവിധാനം ചെയ്ത ‘ ഇന്ട്രെഗല്ഡെ’, ന്യൂ മെക്സിക്കോയില്‍ നിന്നുള്ള ഷിറിന് നെഷാത-ഷോജാ അസറി സംവിധാനം ചെയ്ത ‘ലാന്‍ഡ് ഓഫ് ഡ്രീംസ്’, പോളണ്ടില്‍ നിന്നുള്ള കാത്യാ പ്രിവിഷെന്ക്യൂ സംവിധാനം ചെയ്ത ‘ലീഡര്‍’, ഇന്ത്യയില്‍ നിന്നുള്ള നിപുണ്‍ അവിനാശ് ധര്‍മാധികാരി സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ മി വസന്തറാവു’ , റഷ്യയില്‍ നിന്നുള്ള ദിമിത്രി ഫെഡോറോവ് സംവിധാനം ചെയ്ത ‘മോസ്കോ ഡസ് നോട്ട് ഹാപ്പെന്‍’, ബംഗ്ളാദേശില്‍ നിന്നുള്ള മൊഹമ്മദ് റബ്ബി മൃധ സംവിധാനം ചെയ്ത ‘നോ ഗ്രൗണ്ട് ബെനീത് ദ ഫീറ്റ്’ , ക്രൊയേഷ്യ-ബോസ്നിയ- ഹെര്സെഗോവിനസംയുക്തമായി നിര്‍മ്മിച്ച് ബ്രാങ്കോ ഷിദ് സംവിധാനം ചെയ്ത ‘വണ്‍സ് വി വേര് ഗുഡ് ഫോര്‍ യു’, ജപ്പാനില്‍ നിന്നുള്ള മസകസു കനേകോ സംവിധാനം ചെയ്ത ‘റിംഗ് വാണ്ടറിങ്ങ്’ , ചെക്ക് റിപ്പബ്ലിക്കില്‍നിന്നുള്ള വാക്ലേവ് കദ്രംഗ സംവിധാനം ചെയ്ത ‘ സേവിങ് വണ്‍ ഹു വാസ് ഡെഡ്’, ഇന്ത്യയില്‍ നിന്നുള്ള ഐമീ ബറുവ സംവിധാനം ചെയ്ത ദിമാസ ഭാഷയിലുള്ള ‘സെംഖോര്‍’, റഷ്യയില്‍ നിന്നുള്ള റോമാന്‍ വാസ്യാനേവിന്റെ ‘ ദ ഡോം’, ബ്രസീലില്‍ നിന്നുള്ള റോഡ്രിഗോ ഡി ഒലിവീരിയയുടെ ‘ ദ ഫസ്റ്റ് ഫാളന്‍’ എന്നീ പതിനഞ്ച് ചലച്ചിത്രങ്ങളാണ് നാല്പത് ലക്ഷം രൂപയടങ്ങുന്ന സുവര്‍ണ്ണ മയൂരത്തിനും പതിനഞ്ച് ലക്ഷം രൂപയടങ്ങുന്ന രജതമയൂരത്തിനും വേണ്ടി ഈ തവണ മത്സരരംഗത്തുള്ളത്.
ഇന്ത്യന്‍ പനോരമയിലേക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 24 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മലയാളത്തില്‍ നിന്നും ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’ എന്നിവ പനോരമയിലുണ്ട്. കൂടാതെ മലയാളിയായ യദു വിജയകൃഷ്ണന്റെ സംസ്കൃതഭാഷയിലുള്ള ‘ഭഗവദജ്ജുകം’ എന്ന സിനിമയും പനോരമയില്‍ ഇടം നേടി. ബംഗാളിയില്‍ നിന്നും ‘കല്ക്കോക്കോ’, ‘നിതാന്തോ സഹജ് സരള്‍’, ‘അഭിജാന്‍’, ‘മണിക് ബാബുര്‍ മേഘ്’ എന്നീ ചലച്ചിത്രങ്ങളാണുള്ളത്.
മറാത്തിയില്‍ നിന്ന് ‘ മി വസന്ത് റാവു’, ‘ബിറ്റര്‍സ്വീറ്റ്’, ‘ഗോദാവരി’, ‘ഫ്യുണറല്‍’, ‘നിവാസ്’ എന്നീ അഞ്ചു ചിത്രങ്ങളുണ്ട്. കന്നടയില്‍ നിന്ന് ‘തലേദണ്ഡ’, ‘ആക്ട് -1978’, ‘ഡൊള്ളു’, ‘നീലി ഹക്കി’ എന്നീ നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴില്‍ നിന്ന് ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയായ ‘കൂഴങ്ങള്‍’, തെലുങ്കില്‍ നിന്ന് ‘നാട്യം’, അസമിലെ ഗോത്രഭാഷയായ മിഷിങ്ങിലുള്ള ‘ബൂംബാ റൈഡ്’, മറ്റൊരു ഗോത്രഭാഷയായ ദിമാസയിലുള്ള ‘സെംഖോര്‍’, എന്നിവയുണ്ട്. ‘ സെംഖോര്‍’ ആണ് പനോരമയുടെ ഉദ്ഘടനചിത്രം. ബോഡോ ഭാഷയിലുള്ള ‘സിജൗ’ എന്ന ചിത്രവുമുണ്ട്. ഹിന്ദിയില്‍ നിന്ന് ‘എയ്റ്റ് ഡൗണ്‍ തൂഫാന് മെയില്‍’, ‘ആല്‍ഫ,ബീറ്റ,ഗാമ’ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തില്‍ നിന്നുള്ള ’21st ടിഫിന്‍’ എന്ന ചിത്രവും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പനോരമ.
ലൂയി ബുനുവലിനും പെദ്രോ അല്മൊദോവറിനുമൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള, കഴിഞ്ഞ 66 വര്‍ഷമായി അതായത് 1955 മുതല്‍ ചലച്ചിത്രസപര്യ തുടരുന്ന വന്ദ്യവയോധികനായ സ്പാനിഷ് സംവിധായകനും ഛായാഗ്രാഹകനും എഴുത്തുകാരനുമായ കാര്‍ലോസ് സോറയ്ക്ക് ഇപ്പോള്‍ വയസ്സ് 89. അദ്ദേഹത്തിന്റെ ഈ വര്‍ഷം റിലീസ് ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായ ‘ദ കിംഗ് ഓഫ് ഓള് ദ വേള്‍ഡ്’ ആണ് അന്‍പത്തിരണ്ടാമത് ഇഫിയുടെ ഉദ്ഘാടനചിത്രം. ഒരു മ്യൂസിക്കല്‍ ഡ്രാമയാണ് ഈ ചിത്രം. 2022 ല്‍ റിലീസ് ചെയ്യാനുള്ള രണ്ടു ചലച്ചിത്രങ്ങളുടെ പണിപ്പുരയിലാണ് കാര്‍ലോസ് സോറ ഇപ്പോള്‍.
പാം ഡി ഓര് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, നാല്‍പ്പതുവര്‍ഷമായി ചലച്ചിത്രപ്രവര്‍ത്തനം തുടരുന്ന വിഖ്യാത ന്യൂസീലാന്‍ഡ് സംവിധായികയും തിരക്കഥാകൃത്തുമായ ഡാമേ എലിസബത്ത് ജെയിന് കാമ്പ്യന് ഒരുക്കിയ ‘ ദ പവര്‍ ഓഫ് ദ ഡോഗ്’ ആണ് മിഡ് ഫെസ്റ്റ് ഫിലിം ആയി തെരഞ്ഞെടുത്തിട്ടുള്ളത്. തോമസ് സാവേജ് 1967-ല്‍ എഴുതിയ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കിയ വെസ്റ്റേണ്‍ ഡ്രാമയാണ് ഈ ചലച്ചിത്രം. ലോകസിനിമയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച്, സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരത്തിന് അര്‍ഹരായത് വിഖ്യാത ഹങ്കേറിയന്‍ ചലച്ചിത്രകാരന് ഇസ്തവാന്‍സാബോ (83), അമേരിക്കന്‍ ചലച്ചിത്രകാരന് മാര്ട്ടിന് സ്കോര്‍സെസ്സ് (78) എന്നിവരാണ്. ഇഫിയില്‍ ഇവരെ ആദരിക്കും.
റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ റഷ്യന്‍ ചലച്ചിത്രകാരന് ആന്ദ്രേ കൊഞ്ചലോവ്സ്കി(84 ), ഹങ്കേറിയന്‍ ചലച്ചിത്രകാരന് ബെലാ ടര്‍ (66 ) എന്നിവരുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.അന്തരിച്ച ചലച്ചിത്രപ്രതിഭ ഷീന്‍ കോണറിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സര്‍ക്കാര്‍, ഡയറക്റ്ററേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവ സംയുക്തമായാണ് മേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ചലച്ചിത്രാസ്വാദകര്‍ക്ക് ഒരാഴ്ചകൊണ്ട് പുതിയലോകക്രമത്തേയും പഴയലോകക്രമത്തേയും അടുത്തറിഞ്ഞ് താരതമ്യം ചെയ്യാനുള്ള അവസരമാണ് അന്‍പത്തിരണ്ടാമത് ഇഫി നല്‍കുന്നത്. കൊവിഡിന്റെ പിടിയിലായ ലോകം വീണ്ടും ചലിക്കുന്നത് എങ്ങനെയെന്ന് തിരശ്ശീലയിലെ നിഴലും വെളിച്ചവും ആസ്വാദകനോട് പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: