തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനസംഘത്തില്‍ തമിഴ്നാടിന്റെ അംഗങ്ങളും വെണമെന്ന് കേരളം. ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവാദമായ മരം മുറി ഉത്തരവിന് അനുവാദം നല്കിയ യോഗത്തിന്റെ പിറ്റേദിവസമാണ് ഈ കത്തും അയച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 17ലെ സെക്രട്ടറിതല യോഗത്തിന്റെ ആവശ്യ പ്രകാരമാണ് പ്രാതിനിധ്യം തേടുന്നതെന്ന് കത്തില്‍ വിവരിക്കുന്നുണ്ട്. മരംമുറി ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പക്ഷേ ഔദ്യോഗിക കത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞു.
പഴക്കമുള്ള നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താഴെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അണക്കെട്ട് ബലപ്പെടുത്തിയതിനാല്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്.
അതേസമയം കേരളത്തിന് ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറിന് 300 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് പണിയുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും പുതിയ അണക്കെട്ടിന് ചെലവ് വരും. അതേസമയം പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന തമിഴ്നാടിന്റെ അംഗങ്ങളെ എന്തിനാണ് സാധ്യതാ പഠനത്തില്‍ പങ്കാളികളാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: