മണ്ണാര്‍ക്കാട്: സംസ്ഥാന ചരിത്രത്തിലാദ്യമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ഇരുള സുന്ദരി. അട്ടപ്പാടി സ്വദേശിനി അനുപ്രശോഭിനിയാണ് ചരിത്രം കുറിക്കുന്നത്. തൃശ്ശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ ഒഡിഷന്‍ റൗണ്ടില്‍ പങ്കെടുത്ത അനുപ്രശോഭിനി ഫൈനല്‍ റൗണ്ടിലെത്തി.
ഡിസംബറിലാണ് ഫൈനല്‍. കേരള ചരിത്രത്തില്‍ പുതിയൊരു അധ്യായം തീര്‍ക്കുകയാണ് ഈ പതിനേഴുകാരി. തങ്ങള്‍ക്കും ഇതിനാവുമെന്ന് അനുപ്രശോഭിനി ലോകത്തോട് പറയുന്നു. ഇതിനായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയെന്ന് അയ്യപ്പനും കോശിയും ഫിലിം ഫെയിമും വനംവകുപ്പ് ജീവനക്കാരനുമായ അനുവിന്റെ അച്ഛന്‍ പഴനിസ്വാമി.
സംസ്ഥാനത്തുതന്നെ വനവാസികള്‍ക്കിടയില്‍ അഭിമാനമായിയിരിക്കുകയാണ് ഈ കുട്ടി. സ്‌കൂള്‍ കലാമേളകളില്‍ ജില്ലക്ക് അകത്തും പുറത്തും ‘ഇരുള നൃത്തം’ നടത്തി പ്രശസ്തിയാര്‍ജ്ജിച്ച അവര്‍ പ്രിയനന്ദന്റെ ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിച്ച ‘ധബാരി കുരുവി’ എന്ന സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനിങ്, ഡാന്‍സ് എന്നിവയാണ് ഇഷ്ടകലകള്‍.
ഇംഗ്ലിഷ് പഠിച്ച് കോളേജ് പ്രൊഫസര്‍ ആകാനാണ് താല്‍പര്യമെന്ന് പഴനിസ്വാമി ജന്മഭൂമിയോട് പറഞ്ഞു. ‘അട്ടപ്പാടിക്കാരി’ എന്ന പേരില്‍ യൂട്യൂബ് ചാനലുണ്ട്. ഇതേപേരില്‍ ഫേയ്‌സ്ബുക്ക് പേജുമുണ്ട്. ഇതിലൂടെ അട്ടപ്പാടിയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഈ പ്ലസ്ടുക്കാരി.
മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ ചൊറിയ നൂര്‍ സ്വദേശിയായ അമ്മ ശോഭ എസ്ടി പ്രമോട്ടറാണ്. സഹോദരന്‍ ആദിത്യന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക