തിരുവനന്തപുരം : ശബരിമലയില്‍ ഇനിമുതല്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍. പത്ത് ഇടത്താവളങ്ങളില്‍ ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തും. ദേവസ്വം ബെഞ്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതുപ്രകാരം നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നീ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് സ്പോട്ട് ബുക്കിങ് നടത്തുന്നത്. ഇതോടൊപ്പം രണ്ട് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിന് മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്ട്ടിഫിക്കോ ഉണ്ടായിരിക്കണം. വൃശ്ചിക മാസാരംഭത്തോട് കൂടി ശബരിമല നട തുറന്നെങ്കിലും നിയന്ത്രണങ്ങളോട് കൂടിയാണ് ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ഭക്തരാണ് ബുധനാഴ്ച രാവിലെ മുതല്‍ ദര്‍ശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെര്‍ച്വല്‍ ക്യുവില്‍ ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പമ്പാ സ്നാനത്തിന് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യാതിരുന്നാല്‍ പ്രതിദിനം അന്‍പതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: