കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ് (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.
തെങ്കാശിയില്‍ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വയസുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങിയ പീര്‍ മുഹമ്മദ്, തന്റെ ഏഴാം വയസ്സില്‍ പാട്ട് റെക്കോര്‍ഡു ചെയ്തു. തുടര്‍ന്നുള്ള സംഗീത ജീവിതത്തില്‍ പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്.
മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും മുഹമ്മദിനെ ശ്രദ്ധേയനാക്കി. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്.
1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് ജനനം. തെങ്കാശിക്കാരിയായ ബല്‍ക്കീസാണ് മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്. തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, മുബാറക് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി പഠനം. നാല് അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കവിതകള്‍ ചൊല്ലിക്കൊണ്ടായിരുന്നു തുടക്കം. തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ നിന്നും ബിരുദവും അദ്ദേഹം സ്വന്തമാക്കി.
തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 33 വർഷം എച്ച്.എം.വിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം കേരളത്തിൽനിന്നും പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ൽ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു.
ഖബറടക്കം വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ വളപട്ടണം മന്നാ ഖബര്‍സ്ഥാനില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: