ഭോപ്പാല്‍: മധ്യപ്രദേശിലെ പുനര്‍വികസിപ്പിച്ച റാണി കമലാപതി റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതു കൂടാത ഗേജ് പരിവര്‍ത്തനവും വൈദ്യുതീകരണം പൂര്‍ത്തിയായതുമായ ഉജ്ജയിന്‍-ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച്, മതേല-നിമര്‍ ഖേരി, ഗുണ-ഗ്വാളിയോര്‍ ബ്രോഡ് ഗേജ് സെക്ഷനുകള്‍, ഭോപ്പാല്‍-ബര്‍ഖേര സെക്ഷനിലെ മൂന്നാം ലൈന്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ റെയില്‍വേയുടെ മറ്റ് സംരംഭങ്ങളും അദേഹം ഉദ്ഘാടനം ചെയ്തു. ഉജ്ജെന്‍-ഇന്‍ഡോര്‍, ഇന്‍ഡോര്‍-ഉജ്ജയിന്‍ എന്നീ രണ്ട് പുതിയ മെമു ട്രെയിനുകളും പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗോണ്ട് വിഭാഗത്തിലെ ധീരയും നിര്‍ഭയയുമായ രാജ്ഞി കമലാപതിയുടെ പേരിലുള്ള പുനര്‍വികസിപ്പിച്ച റാണി കമലപതി റെയില്‍വേ സ്റ്റേഷന് മധ്യപ്രദേശിലെ ആദ്യത്തെ ലോകോത്തര റെയില്‍വേ സ്റ്റേഷനാണ്. രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് റെയില്‍വേ സ്റ്റേഷനാണിത്. വിമാനത്താവളത്തില്‍ കാണുന്ന സൗകര്യങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളെല്ലാം ഈ റെയില്‍വേ സ്റ്റേഷനില്‍ ലഭ്യമാണ്. പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പുനര്‍വികസിപ്പിച്ച സ്റ്റേഷന്, ആധുനിക ലോകോത്തര സൗകര്യങ്ങളുള്ള ഒരു ഹരിത കെട്ടിടമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ശാരീരിക വൈകല്യങ്ങളുള്ളവരെയും കണക്കിലെടുത്തുകൊണ്ടുള്ള വികസനമാണ് ഇവിടെ നടത്തിയത്. സംയോജിത മള്‍ട്ടി മോഡല്‍ ഗതാഗതത്തിനുള്ള കേന്ദ്രമായും സ്റ്റേഷന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ വിഭാഗങ്ങളിലൊന്നാണ് ഗോണ്ട്. 19ാം നൂറ്റാണ്ടിലെ പ്രശസ്തനായ ആദിവാസ ഗോത്രത്തിലെ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജന്മദിനമായിരുന്ന ഇന്നലെ ഉദ്ഘാടനം നിശ്ചയിച്ചത് അദേഹത്തോടുള്ള ആദര സൂചകമായികൂടെയാണ്
ഭോപ്പാലിലെ ചരിത്രപ്രധാനമായ റെയില്‍വേ സ്റ്റേഷന് പുനരുജ്ജീവിപ്പിച്ചുവെന്ന് മാത്രമല്ല, റാണി കമലാപതിയുടെ പേര് ചേര്‍ത്തതോടെ അതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ആധുനിക റെയില്‍വേ പദ്ധതികളുടെ സമര്‍പ്പണത്തെ മഹത്തായ ചരിത്രത്തിന്റെയും സമൃദ്ധമായ ആധുനിക ഭാവിയുടെയും സംഗമമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇന്ത്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്നും,സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാകും എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യന്‍ റെയില്‍വേ. 1967 നു മുമ്പ് വരെ ട്രെയിന്‍ യാത്രക്കാരെല്ലാം ഇന്ത്യന്‍ റെയില്‍വേയെ ശപിച്ചു. സ്ഥിതിഗതികള്‍ മാറുമെന്ന പ്രതീക്ഷ ജനങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ രാജ്യം അതിന്റെ പ്രമേയങ്ങളുടെ പൂര്‍ത്തീകരണത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമ്പോള്‍, പുരോഗതിയും മാറ്റവും സംഭവിക്കുന്നുവെന്നും അദേഹം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ ദൂരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമല്ല, രാജ്യത്തിന്റെ സംസ്കാരം, വിനോദസഞ്ചാരം, തീര്‍ത്ഥാടനം എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ സാധ്യതകള്‍ ഇത്രയും വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ റെയില്‍വേയിലെ വിനോദസഞ്ചാരമെന്നത് പ്രീമിയം ക്ലബ്ബില്‍ ഒതുങ്ങിയിരുന്നു. എന്നാലിന്ന് വിനോദസഞ്ചാരത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ആത്മീയാനുഭവം സാധാരണക്കാരന് ന്യായമായ വിലയില്‍ ലഭ്യമാകുന്നു. അടുത്തിടെ ആരംഭിച്ച രാമായണ് സര്‍ക്യൂട്ട് ട്രെയിന്‍ അത്തരത്തിലുള്ള ഒരു നൂതന ശ്രമമാണ്. മാറ്റത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നതിനും ഏറ്റെടുക്കുന്നതിനും റെയില്‍വേയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: