ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസിന് അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പേര് നല്കി കേന്ദ്ര സര്‍ക്കാര്‍. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസ് (MP-IDSA) എന്നാണ് പുനര്‍നാമകരണം ചെയ്തത്. ഈ വര്‍ഷം ആദ്യം ചേര്‍ന്ന ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ ബോഡിയാണ് നാമകരണത്തിന് ഐക്യകണ്ഡമായ തീരുമാനം എടുത്തത്.
മനോഹര്‍ പരീക്കറുടെ പേരില്‍ പുനര്‍നാമകരണം ചെയ്തുകൊണ്ടുളള ഫലകം ഇന്ന് നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് അനാച്ഛാദനം ചെയ്തു. പ്രതിരോധ മന്ത്രിയായിരിക്കെ, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെയധികം ശ്രദ്ധ പതിപ്പിച്ച മനോഹര്‍ പരീക്കറെ രാജ്നാഥ് സിംഗ് പ്രസംഗത്തില്‍ അനുസ്മരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരീക്കര്‍ക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. സ്വദേശിവല്‍ക്കരണത്തിനുള്ള അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയും രാഷ്ട്രീയസൈനിക സമന്വയത്തിനുള്ള ശ്രമങ്ങളും വിലമതിക്കാനാവാത്തതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച 2016ലെ തീവ്രവാദ വിരുദ്ധ നടപടികളില്‍ പരീക്കര്‍ വഹിച്ച നേതൃപരമായ പങ്ക് പ്രസംഗത്തില്‍ രാജ്നാഥ് സിംഗ് പരാമര്‍ശിച്ചു. സായുധ സേനയുടെ താല്‍പ്പര്യാര്‍ത്ഥം ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ നടപ്പാക്കാനുള്ള അദേഹത്തിന്റെ തീരുമാനവും ദീര്‍ഘകാലം സ്മരിക്കപ്പെടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിലും നയരൂപീകരണത്തിലും പുതിയ ആശയങ്ങള്‍ കൊണ്ടുവരന്‍ സ്ഥാപനത്തിന് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദേഹം വാഗ്ദാനം ചെയ്തു.
ഗ്രിഡുമായി ബന്ധിപ്പിച്ച 100 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍വ്വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഓപ്പണ്‍ എയര്ജിമ്മും രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, വിദേശനയം, തന്ത്രപരമായ ആവശ്യകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ രചിച്ച വിവിധ ഗവേഷണ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളും പ്രതിരോധമന്ത്രി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: