മുംബൈ: മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഈയിടെ ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ട മുസ്ലിങ്ങളുടെ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയാണ്.
1978ല്‍ സ്ഥാപിതമായ റാസ അക്കാദമി സുന്നി പണ്ഡിതനായ അഹ്മദ് റാസ ഖാന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്ന സംഘടനയായിരുന്നു. ഇപ്പോള്‍ ധാരാളമായി മുസ്ലിം പണ്ഡിതരും സാധാരണ മുസ്ലിങ്ങളും ഈ സംഘടനയെ പിന്തുണയ്ക്കുന്നു. മുഹമ്മദ് സയീദ് നൂറിയാണ് ഇതിന്റെ സ്ഥാപകന്‍. വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ നൂറു കണക്കിന് പുസ്തകങ്ങളാണ് സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2011ല്‍ മുംബൈയിലെ ആസാദ് മൈതാനത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് റാസ അക്കാദമി കുപ്രസിദ്ധീയാര്‍ജ്ജിക്കുന്നത്. ബര്‍മയില്‍ സൈന്യം റോഹിംഗ്യാസിനെതിരെ അതിക്രമങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധചിച്ചായിരുന്നു മഹാരാഷ്ട്രയില്‍ ആസാദ് മൈതാനത്ത് മാര്‍ച്ച് നടത്തിയത്. ഇത് പിന്നീട് കലാപമായി രൂപാന്തരപ്പെട്ടു.
പിന്നീടങ്ങോട്ട് മഹാരാഷ്ട്രയില്‍ ഒരു പിടി അക്രമാസക്ത പ്രതിഷേധങ്ങളില്‍ റാസ അക്കാദമി ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെയാണ് ഈ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്.
മുഹമ്മദ് നബിയെ കാര്‍ട്ടൂണ്‍ വരച്ച് അപമാനിച്ച ഫ്രാന്‍സിലെ പത്രത്തിനെതിരെയും ആ പത്രത്തെ പിന്തുണച്ച ഫ്രാന്‍സിലെ സര്‍ക്കാരിനെതിരെയും റാസ അക്കാദമി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഫത് വ പുറപ്പെടുവിക്കാന്‍ ഇവര്‍ ഇസ്ലാമിക രാഷ്ട്രങ്ങളോട് ആഹ്വാനവും ചെയ്തിരുന്നു. മദിന നഗരത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമെടുത്തതിന്റെ പേരില്‍ സൗദി സര്‍ക്കാരിനെതിരെ റാസ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.
ഈ വര്‍ഷം പല തവണ റാസ അക്കാദമിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പലയിടങ്ങളിലും അക്രമസമരങ്ങള്‍ നിര്‍ത്താന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു. നാന്ദെദ് പ്രദേശത്താണ് ഈ സംഘടനയുടെ ശക്തി കൂടുതല്‍ പ്രകടമാകുന്നത്. ഇക്കഴിഞ്ഞ ദിവസം ത്രിപുരയില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇവര്‍ പല സമുദായങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന നാന്ദെദിലെ ചില പ്രദേശങ്ങളിലേക്ക് അക്രമിച്ചുകയറി. പൊലീസ് തടഞ്ഞപ്പോള്‍ കല്ലേറ് തുടങ്ങി. തുടര്‍ന്ന് പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. ബിജെപി എംഎല്‍എ നിതേഷ് റാണെ റാസ അക്കാദമിയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സംഘടന ഒരു തീവ്രവാദി സംഘടനയാണെന്നാണ് നിതേഷ് റാണെയുടെ അഭിപ്രായം.
മഹാവികാസ് അഘാദി സര്‍ക്കാരിന് കീഴില്‍ ഈ സംഘടനയ്ക്ക് സാമൂഹ്യ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അതിന്റെ തണലില്‍ സംഘടന അവരുടെ തീവ്രവാദ നിലപാടുകള്‍ സങ്കോചമില്ലാതെ പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ്.
2020ല്‍ പൗരത്വഭേദഗതി നിയമം വന്നപ്പോള്‍ റാസ അക്കാദമി നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ സംഘടന ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ഇതോടെ സംഘടനയ്ക്ക് കൂടുതല്‍ അംഗീകാരവും ബലവും കൈവന്നു. കോവിഡ് 19 കാലത്ത് ഈദ് പ്രകടനം അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോവിഡ് കാലത്തും പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉദ്ധവ് താക്കറേയ്ക്ക് കത്തെഴുതി. ഇതെല്ലാം വിജയത്തിലെത്തിയത് സംഘടനയ്ക്ക് ശക്തിപകര്‍ന്നതായി പറയുന്നു. മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ നിരോധിക്കണമെന്ന സംഘടനയുടെ ആവശ്യം ശിവസേന സര്‍ക്കാര്‍ അംഗീകരിച്ചതോടെയും സംഘടന കുടതല്‍ ബലവത്തായി. മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചതിന് ബിബിസിയോട് റാസ അക്കാദമിയുടെ പിന്‍ബലത്തോടെ മറ്റൊരു സംഘടന മാപ്പപേക്ഷിച്ചിരുന്നു. വൈകാതെ ബിബിസി മാപ്പപേക്ഷിച്ചതും സംഘടനയ്ക്ക് വീര്യം പകര്‍ന്നു.
ഇതോടെ ഈ സംഘടനയും വളരുകയാണ്. കൂടുതല്‍ യുവാക്കള്‍ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. നാന്ദേദില് സംഘടന നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ ഒട്ടേറെപ്പേര്‍ അക്രമാസക്തരായത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. എന്തായാലും റാസ അക്കാദമിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്. ശിവസേനയ്ക്കുള്ളിലും ഇതേക്കുറിച്ച് അസ്വാരസ്യങ്ങളുണ്ടെങ്കിലും ഭരണത്തിലിരിക്കാനുള്ള നേതാക്കളുടെ താല്പര്യം കാരണം ആരും വിയോജിപ്പ് പുറത്ത് പ്രകടിപ്പിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: