ഭോപ്പാല്‍: മധ്യപ്രദേശിലെ ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ മതപരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍) നടത്തിയ മിന്നല്‍ പരിശോധനയിലാണ് മതപരിവര്‍ത്തനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയത്. ചെയര്മാന് പ്രിയങ്ക് കനൂംഗോ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചെയര്മാന് പരിശോധന സംബന്ധിച്ച വിവരം പങ്കുവെച്ചത്. മധ്യപ്രദേശിലെ റെയ്സണില്‍ സാഗര്‍ രൂപതയുടെ കീഴിലുള്ള സിസ്റ്റേഴ്സ് ഓഫ് ജീസസ് നടത്തുന്ന ബിഷപ്പ് ക്ലെമന്‍സ് മെമ്മോറിയല്‍ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ മതം പരിവര്‍ത്തനത്തിന് വിധേയരാക്കുന്നത്. നിലവില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള 19 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് വീഡിയോ പ്രസ്താവനയില്‍ കനൂംഗോ പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ എത്തിച്ചത്. എന്നാല്‍ സമീപത്തെ സര്‍ക്കാര്‍ സ്കൂളുകളിലേക്കാണ് ഇവരെ അയയ്ക്കുന്നത്. ഹോസ്റ്റലില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും കാണാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്‍സിപിസിആര്‍ ജില്ലാ മജിസ്ട്രേറ്റിന് നല്കിയ കത്തില്‍ നല്കിയ വിവരമനുസരിച്ച് ഹോസ്റ്റലിനെ ഗേള്‍സ് ഹോസ്റ്റലായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആദിവാസി സമൂഹത്തില്‍പെട്ട ഹിന്ദു പെണ്‍കുട്ടികളാണ് പരിവര്‍ത്തനത്തിന് ഇരയായവര്‍. ഇവരുടെ കിടക്കയില്‍ നിന്ന് ബൈബിളും മാനേജ്മെന്റ് നിര്ബന്ധമാക്കിയ് ദൈനംദിന മതപരമായ ഷെഡ്യൂളും ലഭിച്ചതായി ചെയര്മാന് പറഞ്ഞു. കുട്ടികള്‍ എങ്ങനെ ഈ കേന്ദ്രത്തില്‍ എത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തും.കുട്ടികള്‍ക്ക് മതപാഠങ്ങള്‍ നല്‍കുന്നതിലൂടെ ഹോസ്റ്റല്‍ ഭരണഘടനയുടെ 28(3) വകുപ്പും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ട്രസ്റ്റിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ എന്‍സിപിസിആര്‍ ജില്ലാ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: