കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ റണ്ണറപ്പ് അഞ്ജന എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ പെട്ടു മരിച്ചത് മദ്യ ലഹരിയിലുള്ള മത്സരയോട്ടമെന്ന് പോലീസ്. ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ തങ്ങള്‍ തമാശയ്‌ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് ഇവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ പോലീസിനു മൊഴി നല്‍കി.
കേരള പിറവി ദിനത്തിലാണ് ഡിജെ പാര്‍ട്ടി കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടമുണ്ടായത്. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ നടത്തിയ മത്സരയോട്ടമാണ് അപകടത്തിനു കാരണമായതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാവുന്നത്. ഒരു ഓഡി കാര്‍ തങ്ങളെ പിന്തുടര്‍ന്നുവെന്നും ഇതിന്റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അപകടമുണ്ടായതെന്നും മോഡലുകളുടെ കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.
സിസിടിവി പരിശോധനയില്‍ അബ്ദുള്‍ റഹ്മാന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഓഡി കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഓഡി കാര്‍ െ്രെഡവര്‍ സൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് തമാശക്ക് മത്സരയോട്ടം നടത്തിയെന്ന് സൈജു സമ്മതിച്ചത്. ഡിജെ പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്ന് പന്ത്രണ്ടരയ്‌ക്കു ശേഷമാണ് യാത്ര തിരിച്ചത്. അപ്പോള്‍ മുതല്‍ മത്സരയോട്ടം തുടങ്ങി. രണ്ട് തവണ അബ്ദുള്‍ റഹ്മാന്‍ ഓടി കാറിനെ ഓവര്‍ ടേക്ക് ചെയ്തു. ഒരു തവണ സൈജുവും ഓവര്‍ ടേക്ക് ചെയ്തു. ഇടപ്പള്ളി എത്തിയപ്പോള്‍ റഹ്മാന്‍ ഓടിച്ച കാര്‍ കണ്ടില്ല. തുടര്‍ന്ന് യൂടേണ്‍ എടുത്ത് തിരികെ വന്നപ്പോഴാണ് കാര്‍ അപകടത്തില്‍ പെട്ടത് കണ്ടത്. എന്നാണ് സൈജു പോലീസിനു നല്‍കിയിരിക്കുന്ന മൊഴി.
എന്നാല്‍ സൈജുവിനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടം ഉണ്ടാക്കിയത് അബ്ദുള്‍ റഹ്മാന്‍ ഓടിച്ച കാറാണ്. ഓവര്‍ സ്പീഡിന് മാത്രമേ കേസെടുക്കാന്‍ സാധിക്കു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ ഓവര്‍ സ്പീഡ് ക്യാമറകളിലെ ചിത്രങ്ങളോ ദൃശ്യങ്ങളോ തെളിവായി വേണം. ഇവര്‍ സഞ്ചരിച്ച വഴിയില്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഓഡി കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനെ താമസിയാതെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുടമ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വൈകാതെ തന്നെ റോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ആന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് ആഷിഖ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. അര്‍ധരാത്രിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടതുവശം ചേര്‍ന്നു പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ചെന്നിടിച്ചതാണ് ദുരന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: