ദുബായ്: ഓസ്ട്രേലിയയും ന്യൂസിലന്‍ഡും, മികച്ചതിനെ തെരഞ്ഞെടുക്കുക അസാധ്യം. ഐസിസി ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ പൊടിപാറുമെന്നുറപ്പ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കളി തുടങ്ങും.
പോരാട്ട വീര്യമാണ് ഇരു ടീമിനെയും ഫൈനലിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസിലന്‍ഡ് ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍വിയുടെ വക്കത്തുനിന്നുള്ള തിരിച്ചുവരവായി. പാകിസ്ഥാനെതിരെയുള്ള ഓസീസിന്റെ തിരിച്ചുവരവും നാടകീയതകള്‍ നിറഞ്ഞത്. ഫൈനലില്‍ അവസാന ബൗള്‍ വരെ കളി കടുക്കുമെന്ന് പ്രതീക്ഷിക്കാം. താരങ്ങള്‍ കൂട്ടത്തോടെ ഫോമിലേക്കുയര്‍ന്നതിന്റെ ആവേശത്തിലാണ് ഓസീസ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായി കത്തിക്കയറുന്നത് ടീമിന്റെ കിരീട പ്രതീക്ഷ ഉയര്‍ത്തുന്നു. നായകന് ആരോണ്‍ ഫിഞ്ചും റണ്‍സ് കണ്ടെത്തുന്നുണ്ട്. മിച്ചല്‍ മാര്‍ഷും മാത്യു വെയ്ഡും ഫോമില്‍. സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ആശങ്കയാകുന്നത്. ടൂര്‍ണമെന്റില്‍ കരുത്തുറ്റ പ്രകടനം നടത്താന്‍ സ്മിത്തിനായിട്ടില്ല. മാക്സ്വല്ലും സമാന സ്ഥിതിയില്‍. എന്നാല്‍ ഫൈനലില്‍ ഇരു താരങ്ങളെയും മാറ്റാന്‍ ടീം തയാറായേക്കില്ല. മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഓള്‍റൗണ്ട് മികവ് ടീമിന് മികവ് നല്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നീവര്‍ അണിനിരക്കുന്ന ബൗളിങ് നിര ടൂര്‍ണമെന്റിലെ തന്നെ മികച്ചത്. സ്പിന്നറായി ആദം സാമ്പയും ഫോമിലാണ്.
മറുവശത്ത് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും കിവീസിനെ മുന്നോട്ട് നയിക്കുന്നത് കെയ്ന്‍ വില്യംസണാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ നടത്തുന്ന മുന്നേറ്റം ഇത്തവണയും ഫൈനലിലെത്തിച്ചു. മാര്ട്ടിന് ഗുപ്റ്റില്‍, മാരില്‍ മിച്ചല്‍ ഓപ്പണിങ് സഖ്യമാണ് ന്യൂസിലന്‍ഡിന്റെ വിജയങ്ങളില്‍ കരുത്താകുന്നത്. നായകന് കെയ്ന്‍ വില്യംസണ്, ജെയിംസ് നീഷം എന്നിവരും ഫോമില്‍. ഡെവണ്‍ കോണ്‍വേ പരിക്കുമൂലം ഫൈനലില്‍ കളിച്ചേക്കില്ല. ടിം സീഫേര്‍ട്ട് പകരക്കാരനാകാനാണ് സാധ്യത. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ആതം മില്‍നെ എന്നീ പേസ് നിര ഫോമിലാണ്. മിച്ചല്‍ സാന്റ്നറും ഇഷ് സോദിയും വിക്കറ്റുകള്‍ വാരുന്നു. സര്‍വ മേഖലയിലും ആധിപത്യം പുലര്‍ത്താന്‍ കഴിവുള്ള നിരയാണ് ന്യൂസിലന്‍ഡിന്റേത്.
ടോസ് ലഭിക്കുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: