അഡ്വ. എസ്. ജയസൂര്യന്‍
(കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍)
പെരുമയുടെ ഭൂതകാലം
ഇന്ന് മുപ്പത്തിയെണ്ണായിരത്തി എണ്ണൂറ്റി അറുപത്തിമൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും മൂന്ന് കോടി 58 ലക്ഷം ജനസംഖ്യയുമുള്ള കേരളം, ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് മുതല്‍ തന്നെ വിദേശീയരെ ആകര്‍ഷിച്ച കച്ചവടകേന്ദ്രം കൂടിയായിരുന്നു. പ്രാചീന മെസപ്പൊട്ടേമിയന് (സുമേറിയ അസ്സീറിയ) ബാബിലോണിയ എന്നീ പ്രദേശങ്ങളിലുള്ളവര്‍ കേരളത്തിലെത്തി ഏലം, കറുവാപ്പട്ട എന്നിവ കൊണ്ടുപോയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. തുടര്‍ന്ന് അറബികളും ഫിനിഷ്യരും കച്ചവടക്കാരായി വന്നു. ബിസി അവസാന ശതകത്തില്‍ ഗ്രീക്കുകാരും റോമാക്കാരും എത്തിച്ചേര്‍ന്നു. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഡിയോ ബ്രോര്‍ ദീസിന്റെ ‘മെറ്റീരിയ മെഡിക്ക’ എന്ന ഗ്രന്ഥത്തില്‍ ഏലം, കറുവാപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.
ബിസി ഒന്നാം നൂറ്റാണ്ടില്‍ റോമാക്കാര്‍ കേരളവുമായി കച്ചവട ബന്ധം സ്ഥാപിച്ചു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നും കണ്ടെടുത്തത് ഇതിന്റെ തെളിവാണ്. എഡി 45 ല്‍ ഈജിപ്ഷ്യന്‍ നാവികന് ഹിപ്പാലസ് ഇന്ത്യയിലേക്കുള്ള കടല്‍പ്പാത കണ്ടുപിടിച്ചത് കാലവര്‍ഷക്കാറ്റിന്റെ ഗതി അനുസരിച്ചാണ്. കുരുമുളക് ലക്ഷ്യം വച്ചായിരുന്നു അവരുടെ വരവ്. ഗ്രീക്കുകാര്‍ക്കും റോമാക്കാര്‍ക്കും മുന്നേ ചൈനാക്കാര്‍ കേരളതീരത്ത് എത്തി. ചീനച്ചട്ടി, ചീനഭരണി, ചീനവല, ചീനപ്പാത്രങ്ങള്‍ എന്നിവ അതിനു സാക്ഷിയാണ്. മുസിരിസ്, തിണ്ടീസ്, ബറക്കെ, നെല്ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി വിദേശ സഞ്ചാരികള്‍ എഴുതിയിട്ടുണ്ട്. പിന്നീട് കൊല്ലം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ എന്നീ തുറമുഖങ്ങള്‍ വികസിച്ചു.
പോര്‍ച്ചുഗീസ് കപ്പിത്താനായ പെദ്രോ ആല്‍വറസ് കബ്രാള്‍ കൊച്ചിയില്‍ എത്തുമ്പോള്‍ 1503 ല്‍ ഉണ്ണിരാമ കോയില്‍ ഒന്നാമനായിരുന്നു കൊച്ചി രാജാവ്. ഇക്കാലത്ത് ഗൗഡ സാരസ്വത ബ്രാഹ്മണരും കച്ചവടം ചെയ്തു തുടങ്ങി. 1498 പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങി. കോഴിക്കോട് തുറമുഖത്തിന്റെ വളര്‍ച്ച സാമൂതിരിമാരെ സമ്പന്നരാക്കി. തുണി, തേക്ക്, സുഗന്ധദ്രവ്യങ്ങള്‍, കപ്പല്‍ നിര്‍മ്മാണം എന്നിവ മലബാറിനെ സമ്പന്നമാക്കി. അതിനു മുമ്പ് മുതല്‍ തന്നെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ആയിരുന്നു തലശ്ശേരി. അതിനു കാരണം പശ്ചിമഘട്ട വനങ്ങളിലെ തേക്കുകളായിരുന്നു. കടല്‍വെള്ളത്തില്‍ എളുപ്പം കേടുവരാത്തതും, ധാരാളം എണ്ണ ഉള്ളതുമായ തേക്കുകള്‍ കപ്പല്‍ നിര്‍മ്മാണത്തിന് ഏറെ അനുയോജ്യമായി ലോകത്ത് അറിയപ്പെട്ടു തുടങ്ങിയിരുന്നു.
പിന്നീട് ഈസ്റ്റ് ഇന്ത്യാകമ്പനി 1664 ല്‍ കോഴിക്കോട്ടും 1695 ല്‍ തിരുവിതാംകൂറിലെ അഞ്ചുതെങ്ങിലും വ്യാപാര ശാലകള്‍ സ്ഥാപിച്ചു. ഇക്കാലത്ത് ഇന്ത്യയുമായുള്ള വിദേശ വാണിജ്യത്തിന്റെ 65 ശതമാനവും കേരള തീരങ്ങളിലാണ് നടന്നിരുന്നത് എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. പിന്നീട് പല സ്വദേശ-വിദേശ ആക്രമണങ്ങളെയും നേരിടേണ്ടി വന്ന മലബാറും കൊച്ചിയും തകര്‍ന്നപ്പോള്‍, തിരുവിതാംകൂര്‍ പുരോഗമിക്കുകയായിരുന്നു.
അങ്ങനെ പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ തിരുവിതാംകൂറില്‍ റോഡ്, കോടതി, നികുതി, ഇംഗ്ലീഷ് വിദ്യാഭ്യാസം, ശാസ്ത്രം, കല, വാണിജ്യം എന്നിവ പുരോഗതി പ്രാപിച്ചു. 1836 ല്‍ വാനനിരീക്ഷണ കേന്ദ്രവും 1866 ല്‍ ഇംഗ്ലീഷ് സ്കൂളും (പിന്നീടിത് സര്‍വ്വകലാശാലയായി ) 1836 ല്‍ സെന്‍സസും 1859 ല്‍ കയര്‍ ഫാക്ടറിയും തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബരവും ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്ക്സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറികളും ഒക്കെ കേരള ചരിത്രത്തിന്റെ ഭാഗമാണ്. എഫ്എസിടിയും, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയും, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളും, വിമാനത്താവളവും, ഹൈവേകളും, ഡാമുകളും, ട്രാവന്‍കൂര്‍ കെമിക്കല്‍സ്, ഹൈക്കോടതി, ആശുപത്രി, ശുദ്ധജലവിതരണം, അച്ചടിശാലകള്‍ എന്നിങ്ങനെ നേട്ടങ്ങളുമായി തിരുവിതാംകൂര്‍ കുതിച്ചുയരുകയായിരുന്നു.
അരങ്ങുവാഴുന്ന കുത്തക മുതലാളിമാര്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിന്റെ വ്യവസായ-വാണിജ്യ കുതിപ്പ് മുരടിച്ചു എന്നതാണ് സത്യം. ആദ്യമായി കേരളത്തില്‍ അധികാരത്തില്‍ വന്ന ജനാധിപത്യ സര്‍ക്കാര്‍ ഒരു ഇടതുപക്ഷ സര്ക്കാരായതാണ് ഇതിന് അടിസ്ഥാന കാരണം. സംരംഭകനെ വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ട് ഉന്മൂലനാശം വരുത്തുക എന്ന പ്രത്യയ ശാസ്ത്രം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയായിരുന്നു ആ സര്‍ക്കാര്‍ ചെയ്തത്. നിലവിലുണ്ടായിരുന്ന വ്യവസായശാലകളില്‍ സമര പരമ്പരകള്‍ അരങ്ങേറി. ചെറുകിട-ഇടത്തരം സംരംഭകരെ എല്ലാം മുതലാളിമാരായും ബൂര്ഷ്വാമാരായും മുദ്രകുത്തി. അവരെ ശത്രുക്കളായി കണ്ടു. കാര്‍ഷിക മേഖലയില്‍ മിച്ചഭൂമി കണ്ടുകെട്ടാനായി പുതിയ നിയമങ്ങള്‍ വന്നു. അപ്പോഴും കമ്പനി എന്ന പേരില്‍ സ്വന്തം തോട്ടങ്ങള്‍ സംരക്ഷിക്കാന്‍ ഇവിടുത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് അവസരം ലഭിച്ചു.
ഹൈന്ദവ സ്ഥാപനങ്ങളുടെയും കൂട്ടു കുടുംബങ്ങളുടെയും വ്യക്തികളുടെയും കയ്യിലുണ്ടായിരുന്ന ഭൂമിയാണ് മിച്ചഭൂമിയായി പിടിച്ചെടുക്കപ്പെട്ടത്. എന്നാല്‍ ഇപ്രകാരം പിടിച്ചെടുക്കപ്പെട്ട മിച്ചഭൂമി തുണ്ടുഭൂമികളായി വിതരണം ചെയ്തപ്പോള്‍ ഉത്പാദനം അവസാനിക്കുകയാണ് ഉണ്ടായത്. തുണ്ടുഭൂമി കിട്ടിയവര്‍ അത് മറിച്ചുവിറ്റ് വീട് വയ്ക്കുകയോ ലാഭം നേടുകയോ ചെയ്തു വീണ്ടും തൊഴിലാളികളായി അധഃപതിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടത്. അതേസമയം തൊഴിലാളികളെ സംയോജിപ്പിച്ചുകൊണ്ട് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചതുമില്ല. ചെറുകിട-ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ തൊഴില്‍ സമരവും കൂലി വര്‍ധനവും മൂലം ആയിരക്കണക്കിന് ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നു. എന്നാല്‍ ഇതൊക്കെ ബൂര്‍ഷ്വാ കുത്തക മുതലാളിത്തത്തിനു മേല്‍ ജനാധിപത്യ ഇടതുസര്‍ക്കാര്‍ നേടിയ വന്‍വിജയമായി കേരളസമൂഹത്തില്‍ ആഘോഷിക്കപ്പെടുകയാണുണ്ടായത്. ഇതിനിടയില്‍ പരമ്പരാഗത വ്യവസായങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. ഇരുമ്പ് പണിയും സ്വര്‍ണ്ണപ്പണിയും മണ്‍പാത്ര നിര്‍മ്മാണവും മര ഉരുപ്പടികളുടെയും ഉത്പന്നങ്ങളുടെയും നിര്‍മ്മാണവും, കൈത്തറികളും പാടെ നിലച്ചു. ഈ നാല് മേഖലകളിലേക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ കടന്നുകയറി.
രാജസ്ഥാന് ഫര്‍ണിച്ചറുകളും ഉത്തര്‍പ്രദേശിലെ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളും കേരളത്തിന്റെ മരഉരുപ്പടികള്‍ക്ക് പകരം മാര്‍ക്കറ്റ് കീഴടക്കി. സ്റ്റീല്‍ ഫര്‍ണിച്ചറുകളും ഫാബ്രിക്കേറ്റഡ് ഫര്‍ണിച്ചറുകളും ഇന്നും കേരളത്തില്‍ അരങ്ങു വാഴുന്നത് ഇവിടുത്തെ പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പിലാണ് എന്ന് ഓര്‍ക്കണം. മഹാരാഷ്ട്രയിലെ സേട്ടുമാരുടെ യന്ത്രപ്പണിക്കാര്‍ കേരളത്തിലെ സ്വര്‍ണപ്പണിക്കാരുടെ ജീവിതം തന്നെ തുടച്ചുനീക്കി. സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ, ലോകപ്രശസ്തമായ കുണ്ടറ സെറാമിക്സ്ന്റെ പിന്‍ഗാമികള്‍ക്ക് ജീവിതമാര്‍ഗ്ഗം ഒരുക്കി കൊടുക്കാത്ത കേരള സര്‍ക്കാരുകള്‍ ആഗോള കളിമണ്‍ ബ്രാന്‍ഡുകള്‍ കൊണ്ട് ഇന്ന് കേരളത്തിന്റെ അടുക്കളയും ഊണ്മുറിയും നിറയ്ക്കുന്നു.
ജലം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയിലെല്ലാം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നിന്നിരുന്ന കേരളം അതൊന്നും കേരളത്തിനുള്ളില്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ല . കേരളത്തിലെ മനുഷ്യ വിഭവം ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നതില്‍ മാത്രമായിരുന്നു നമ്മുടെ ശ്രദ്ധ. അങ്ങനെ നമ്മുടെ കളിമണ്ണും കരിമണലും പ്ലൈവുഡും എല്ലാം കേരളം കടന്നു പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു. ലോകത്തുള്ള 124 സുഗന്ധദ്രവ്യങ്ങളില്‍ 104 എണ്ണവും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെങ്കിലും നാം അതിലൊന്നും ശ്രദ്ധ പതിപ്പിച്ചില്ല. റബ്ബര്‍, തേയില, ഏലം, കാപ്പി, കുരുമുളക് എന്നീ തോട്ട വിളകളെ പാടെ അവഗണിച്ചപ്പാള് അവയ്ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുകയറേണ്ടിവന്നു. കേരളത്തിന് ആ പേരു നല്കിയ കേരവൃക്ഷങ്ങള്‍ ഇന്ന് മറ്റു സംസ്ഥാനങ്ങളിലാണ് തല ഉയര്‍ത്തി നില്ക്കുന്നതും ഉയര്‍ന്ന ഉല്പാദനം നേടുന്നതും. കേരളത്തിന്റെ മത്സ്യസമ്പത്ത് ലോകമെമ്പാടും പ്രശസ്തമായിരുന്നു. പക്ഷേ ഇന്ന് മത്സ്യമേഖലയുടെ പുനരുദ്ധാരണത്തില്‍ നാം ശ്രദ്ധ പതിപ്പിക്കുന്നില്ല.
ഉപരി വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളെപ്പോലെ കേരളീയര്‍ പ്രവഹിക്കുകയാണ്. ഈ സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ജനത പ്രവാസികളാണെന്ന് പറയുമ്പോള്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും പലായനം ചെയ്യപ്പെടേണ്ടി വരുന്ന ലോകത്തെ ഏറ്റവും വലിയ ജനതയായി കേരളീയര്‍ മാറുകയാണ്. വലിയ മുന്നേറ്റത്തിന് സാഹചര്യം ഉണ്ടായിരുന്ന സഹകരണ മേഖലയാവട്ടെ പൂര്‍ണമായും രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകള്‍ക്കും കൊള്ളയടിക്കും വിധേയമായിരിക്കുന്നു. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ആഗോള ഹബ്ബായി മാറാന്‍ കരുത്തുള്ള യുവജനതയും അറിവുകളും നമ്മുടെ നാട്ടിലുണ്ട്. അതിന് അനുയോജ്യമായ കാലാവസ്ഥയുമാണ് ഉള്ളത്. ജനകീയ പങ്കാളിത്തത്തോടുകൂടി ഈ മേഖലകളെ പുനരുദ്ധരിക്കുന്നതിനു പകരം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിയിരിക്കുകയാണ് സര്‍ക്കാരുകള്‍. കേരളത്തില്‍ ഇന്ന് നടക്കുന്ന വികസനം റിയല്‍ എസ്റ്റേറ്റ് ചിട്ടി കമ്പനികള്‍, ബ്ലേഡ് കമ്പനികള്‍, സ്വര്‍ണ്ണപ്പണയം, റീട്ടെയ്ല്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ എന്നിവകളില്‍ മാത്രമാണ്. ഈ പറഞ്ഞ എല്ലാ മേഖലകളിലും വന്‍കിട കുത്തകകളാണ് അരങ്ങു വാഴുന്നത്.
എന്ന് കരകയറും?
വ്യവസായ-വാണിജ്യ കേരളത്തിന്റെ ഭാവി ആശങ്കാജനകമാണ്. അടിസ്ഥാന സൗകര്യ വികസനം തീരെയില്ല എന്നു മാത്രമല്ല അഴിമതിയുടെ ആഴക്കയങ്ങളില്‍ മുങ്ങി സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷമാണ് ഉള്ളത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതാക്കളുടെ അടുത്ത തലമുറ എല്ലാം അമേരിക്ക മുതല്‍ മുതല്‍ ജപ്പാന് വരെയുള്ള വിദേശ രാജ്യങ്ങളില്‍ ബിസിനസുകാരും വ്യവസായികളുമായി അഭയം തേടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ പോലും ബാംഗ്ലൂരിലാണ് വ്യവസായം തുടങ്ങാന്‍ ധൈര്യപ്പെട്ടത്. സ്വന്തം നാട്ടില്‍ തൊഴിലെടുക്കാന്‍ കഴിയാത്ത അഭ്യസ്തവിദ്യരെ സൃഷ്ടിക്കുന്ന കേരളം ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയെല്ലാമുണ്ടായിട്ടും സ്വന്തം നാട് വികസനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നത് കൊണ്ടുമാത്രം അഭയാര്‍ത്ഥികളായി അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേട് അടുത്ത തലമുറയെ എവിടെ കൊണ്ടുചെന്നെത്തിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: