തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് ആചാരപ്പെരുമയോടെയുള്ള ആറാട്ട് ഘോഷയാത്ര ആരംഭിച്ചു. ഇന്നു വൈകിട്ട് അഞ്ചിനാണ് ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പുറപ്പെട്ടത്. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തെത്തി കല്‍മണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ പൂജകള്‍ക്ക് ശേഷം സമുദ്രത്തിലാറാടിക്കും. ആറാട്ടുകഴിഞ്ഞ് എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തില്‍ എത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ വൈകിട്ട് അഞ്ചിന് വിമാനത്താവളം അടച്ചു. ഘോഷയാത്ര തിരിച്ചെത്തിയ ശേഷമായിരിക്കും വിമാനത്താവളം തുറക്കുക.
വിമാനത്താവള റണ്‍വേ മുറിച്ചു കടന്ന് പോകുന്ന ആറാട്ടിന് കേരള പൊലീസിന്റെയും പട്ടാളത്തിന്റെയും നായര്‍ പടയാളികളുടെയും വാളേന്തിയ തിരുവിതാംകൂര്‍ രാജകുടുംബ അംഗങ്ങളുടെയും അകമ്പടി സേവിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് ആറാട്ടിന് സ്വീകരണം നല്‍കും. ഇതിന്റെ ഭാഗമായി ഇന്നലെ വിമാനത്താവളം അലങ്കരിച്ചിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഭക്തര്‍ ആറാട്ടിന് അകമ്പടി പോകുന്നതും കൂട്ടം കൂടുന്നതും തടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: