പാലക്കാട്: കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തിയ രീതിയില്‍ കൽപ്പാത്തി രഥോത്സവം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കൽപ്പാത്തി രഥോത്സവത്തിലെ ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, പാലക്കാട് നഗരസഭാ കൗൺസിലർമാരായ വിശ്വനാഥൻ, സുഭാഷ് കൽപ്പാത്തി എന്നിവർ കൽപ്പാത്തി ക്ഷേത്രം സന്ദർശിച്ചു. ഇതിനു ശേഷമാണ് തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവം നടത്താന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
നവംബർ 14,15,16 തീയതികളിൽ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിയില്ലെന്നതിന്റെ പേരിലാണ് രഥോത്സവത്തിന്റെ സുപ്രധാന ചടങ്ങുകൾ ഉപേക്ഷിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
തിരക്കൊഴിവാക്കാന്‍ അഞ്ചാം തിരുനാളിലെയും മൂന്നാം തേരുദിനത്തിലെയും രഥസംഗമം നടത്തുന്നില്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. അന്നദാനവും ഒഴിവാക്കി. എന്നിട്ടും രഥപ്രയാണത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. രഥോത്സവത്തിലെ പ്രധാന ചടങ്ങാണ് രഥ പ്രയാണം. ഗ്രാമത്തിലെ തിരക്ക് സ്വയം നിയന്ത്രിക്കാമെന്നും പുറമെ നിന്നുള്ള തിരക്കൊഴിവാക്കാന്‍ പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടും അംഗീകരിച്ചില്ല. തിരക്ക് നിയന്ത്രിക്കേണ്ടത് ക്ഷേത്രം ഭാരവാഹികളുടെ ചുമതലയാണെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടവും പൊലീസും കയ്യൊഴിയുകയായിരുന്നു.കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പോലീസിനെ നിയോഗിക്കണമെന്ന ക്ഷേത്ര കമ്മറ്റികളുടെ അഭിപ്രായവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നവമ്പര്‍ 14,15,16 തീയിതകളിലാണ് കല്പാത്തി രഥോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: