തൃശ്ശൂര്‍: കാട്ടാന ആക്രമണം രൂക്ഷമായ ആദിവാസി കോളനികളില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ചാലക്കുടി, മറ്റത്തൂര്‍, വരന്തരപ്പിള്ളി ആദിവാസി മേഖലകളില്‍ താമസിക്കുന്നവര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം.
കാട്ടാന ആക്രമണം രൂക്ഷമായ കാരിക്കടവ്, ചീനിക്കുന്ന് കോളനികളില്‍ അടിയന്തരമായി കാട്ടാനശല്യം തടയുന്നതിന് ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തും. രണ്ടു കോളനികളിലുമായി താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാനും കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദേശിച്ചു. രണ്ടു കോളനികളിലും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കാനും ജനജാഗ്രതാ സമിതി യോഗം മാസത്തില്‍ കാര്യക്ഷമമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കാനും തീരുമാനമായി. കൂടാതെ മേഖലയില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്താനും വാഹന സൗകര്യമില്ലാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികളെ സേ പരീക്ഷയെഴുതിക്കാനും സൗകര്യങ്ങള്‍ ഒരുക്കും.
കോളനിയിലെ പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കളക്ടര്‍ നേരിട്ട് സന്ദര്‍ശിക്കും. കൃഷിഭൂമിയിലെ കാട്ടാന, പന്നി ആക്രമണം തടയണമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്തവരുടെ പ്രധാന ആവശ്യം. എഡിഎം റെജി .പി ജോസഫ്, ചാലക്കുടി തഹസില്‍ദാര്‍ രാജു, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ടി.ആര്. സന്തോഷ്, വനം റേഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതിരപ്പിള്ളി, പാലപ്പിള്ളി, മലക്കപ്പാറ, ചൊക്കന തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തിലേറെയായി കാട്ടാന ആക്രമണം രൂക്ഷമാണ്. അതിരപ്പിള്ളി മലക്കപ്പാറയില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്കു സമീപമുള്ള പലചരക്കു കടയുടെ ചുമര് കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തിരുന്നു.
ചൊക്കന ചക്കിപറമ്പ് ജനവാസ മേഖലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ഭൂമിയില്‍ തമ്പടിച്ചിരുന്ന കാട്ടാനകള്‍ ഏറെ ദുരിതം സമ്മാനിച്ചാണ് മടങ്ങിയത്. അതിരപ്പിള്ളി മലക്കപ്പാറയില്‍ അരി തേടിയെത്തുന്ന കാട്ടാനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന സംഭവം നിത്യകാഴ്ചയായി മാറി. മലക്കപ്പാറ ഗവ. യുപി സ്കൂളിലെ അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോര്‍ കാട്ടാനക്കൂട്ടം തകര്‍ത്തെറിഞ്ഞത് ഇക്കഴിഞ്ഞ ആറിനാണ്.
പ്രദേശത്ത് ഗവ.സ്കൂള്‍ കെട്ടിടത്തിനു നേരെ ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാനാക്രമണം കഴിഞ്ഞദിവസം പുലര്‍ച്ചെയും ഉണ്ടായി. അര്‍ധ രാത്രിയിലാണ് ഇവ അരിസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞ് കാടിറങ്ങുന്നത്. ആനകളില്‍ നിന്നും സ്കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ഇവിടെ ട്രഞ്ച് ഒരുക്കുണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് ഉറപ്പ്
ആദിവാസി കോളനികളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് കോളനി നിവാസികള്‍ക്ക് കളക്ടറുടെ ഉറപ്പ്. കോളനിയില്‍ കാലങ്ങളായി താമസിക്കുന്നവര്‍ക്ക് ഭൂമിയില്ലെന്ന വിഷയം പരിഹരിക്കാന്‍ വനാവകാശ നിയമപ്രകാരമുള്ള സാധ്യത അന്വേഷിച്ച് നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് അടിയന്തര ഇടപെടല്‍ വേണമെന്നും തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
ഇതോടൊപ്പം കാട്ടാന ആക്രമണത്തിനും അടിയന്തര പ്രാധാന്യം നല്‍കാനും, ആദിവാസി ഭൂമികള്‍ വാസയോഗ്യമാക്കണമെന്നും, പുഴ സംരക്ഷണം, വനമേഖലയിലെ അനധികൃത നിര്‍മാണം, പട്ടയപ്രശ്നം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: