തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി പ്രതിദിനം ശരാശരി 2000 മുതല്‍ 2500 വരെ പേര്‍ ഒപികളില്‍ ചികിത്സ തേടുന്നുണ്ട്.
350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസില്‍ എല്ലാ വിഭാഗങ്ങളിലുമായി 500ഓളം വിദഗ്ധ ഡോക്ടര്‍മാരും 300 പിജി ഡോക്ടര്‍മാരും സേവനമനുഷ്ഠിക്കുന്നുണ്ട്. 750 എംബിബിഎസ് വിദ്യാര്‍ഥികളുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. 500ഓളം ഡോക്ടര്‍മരുള്ളതില്‍ 50-ഓളം പേരുടെ ഒഴിവുകള്‍ നിലവില്‍ നികത്താനുണ്ട്. ഇവരില്‍ അധ്യാപകരുടെ ഒഴിവാണ് കൂടുതലും. മെഡിസിന്‍, സര്‍ജറി തുടങ്ങി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. മെഡിസിന്‍ വിഭാഗത്തില്‍ രണ്ടു പ്രൊഫസര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കാര്‍ഡിയോളജി വിഭാഗത്തിലും പ്രൊഫസറെ നിയമിക്കാനുണ്ട്.
200ഓളം പിജി ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരില്‍ മുഴുവന്‍ പേരുടെയും സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.
ഓപിയില്‍ 30-50 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. പ്രമോഷന്‍ നടന്നാല്‍ ഒഴിവുകള്‍ നികത്താനാകും. 1981ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോഴും യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയ്‌ക്ക് ഇപ്പോഴും പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റില്ല.
നേഴ്‌സുമാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. 600ഓളം നഴ്‌സുമാരാണ് നിലവില്‍ മെഡിക്കല്‍ കോളേജിലുള്ളത്. ഇവരില്‍ 450ഓളം പേര്‍ മാത്രമേ സ്ഥിരക്കാരുള്ളൂ. കൊവിഡ് ഡ്യൂട്ടിയ്‌ക്കായി നിയമിച്ചിരുന്ന നേഴ്‌സുമാരെ കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു. കാലാവധി അവസാനിച്ചാല്‍ പകരം നഴ്‌സുമാരെ നിയമിക്കാത്തതിനാല്‍ രോഗീപരിചരണത്തെ കാര്യമായി ബാധിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധ നിരയില്‍ തങ്ങള്‍ നേരിടുന്നത് അവഗണനയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നു. എന്‍ട്രി കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഡോക്ടര്‍ക്ക് മുമ്പത്തേക്കാള്‍ 9000 രൂപ കുറച്ചാണ് ഇപ്പോള്‍ ലഭിക്കുന്നത്. സര്‍വ്വീസിലുള്ളവര്‍ക്ക് റേഷ്യോ പ്രമോഷന്‍ നടപ്പാക്കിയിട്ടില്ല. നേരത്തേ ലഭിച്ചിരുന്ന പേഴ്സനല്‍ പേ നിര്‍ത്തലാക്കി. റിസ്‌ക് അലവന്‍സെന്ന ആവശ്യത്തിലും തീരുമാനമോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെ മാസങ്ങളായി നടത്തുന്ന അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: