തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിക്കുന്ന കൊടി മരത്തില്‍ സ്വര്‍ണം പൊതിയുന്ന ചടങ്ങുകള്‍ക്ക് തുടക്കമായി. മാന്നാര്‍ സ്വദേശി അനന്തന് ആചാരിയുടെ നേതൃത്വത്തിലാണ് പൂജിച്ച സ്വര്‍ണം കൊടിമരത്തില്‍ പൊതിയുന്നത്.
എട്ട് കോടി രൂപയോളം ചെലവില്‍ 11 കിലോ സ്വര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭക്തര്‍ വഴിപാടായി നല്കിയ സ്വര്‍ണവും ഭണ്ഡാരങ്ങളില് നിന്ന് ലഭിച്ച സ്വര്‍ണവും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രം നടപുരയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് സ്വര്‍ണം പൊതിയല്‍ ചടങ്ങുകള്‍ നടക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തില്‍ സ്വര്‍ണം പൊതിയലിന് നേതൃത്വം നല്കിയ അനന്തന് ആചാരിയുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് കൊടിമരത്തില്‍ സ്വര്‍ണം പൊതിയുന്ന ചടങ്ങുകള്‍ ചെയ്യുന്നത്.
കൊടിമരം തീര്‍ക്കുന്നത് പത്തനംതിട്ടയിലെ കല്ലേലിയില്‍ നിന്നെത്തിച്ച ഒറ്റ തേക്കിലാണ്. എളവള്ളി നന്ദനാണ് കൊടിമരത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. ജനു.22ന് ആധാരശിലയിടാനാണ് തീരുമാനം. സ്വര്‍ണം പൊതിയുന്ന ചടങ്ങ് ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി സ്വര്‍ണ കൊടിമരം സ്ഥാപിക്കും.
ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ആചാര്യന്മാരായ വേഴപ്പറമ്പ് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട്, അണ്ടലാടി ദിവാകരന് നമ്പൂതിരിപ്പാട്, തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി, കൊടുങ്ങല്ലൂര്‍ തമ്പുരാന്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ്മേനോന്‍, സെക്രട്ടറി രാജേഷ് പൊതുവാള്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: