കോട്ടയം: ജാതി അധിക്ഷേപമുള്പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തി വന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ തന്റെ സമരം പിന്‍വലിച്ചതായി അറിയിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദീപ പി മോഹന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായവരെ ഒഴിവാക്കാന്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നും തീരുമാനമായി.
സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്നോളജിയുടെ ചുമതലയില്‍ നിന്ന് ഡോ. കെ. നന്ദകുമാറിനെ പൂര്‍ണമായി നീക്കാനും താത്കാലിക ജീവനക്കാരന് എം. ചാള്‍സ് സെബാസ്റ്റ്യനെ സെന്ററില്‍ നിന്ന് ഒഴിവാക്കാനുമാണ് സര്‍വകലാശാല തീരുമാനിച്ചത്. ഭാവിയില്‍ ദീപയുടെ ഗവേഷണവുമായി ബന്ധപ്പെട്ട യാതൊരു ചുമതലയും നന്ദകുമാറിന് നല്‍കില്ല. സമരവുമായി ബന്ധപ്പെട്ട് ദീപയ്ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും സര്‍വകലാശാല ഉറപ്പുനല്‍കി.
ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കൂടി അനുവദിക്കും. ലബോറട്ടറി, ഹോസ്റ്റല്‍, ലൈബ്രറി സൗകര്യങ്ങളും ഉറപ്പാക്കും. രണ്ട് വര്‍ഷത്തേക്ക് യൂണിവേഴ്സിറ്റി റിസര്‍ച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്റ് ഇനത്തില്‍ ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കും. മറ്റ് പരാതികള്‍ പരിശോധിക്കുന്നതിന് സ്കൂള്‍ ഒഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡീന്‍ ഡോ. എം.എച്ച്. ഇല്യാസ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത. ആര് എന്നിവരുള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും.
ദീപയ്ക്ക് സര്‍വകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സമിതിക്കും രൂപം നല്കി. വിദ്യാര്‍ത്ഥിനിയുടെ പ്രതിനിധികളായി മാതാവ് സാംബവി കെ.പി., എം.എന്‍. സജീഷ് കുമാര്‍, അനുരാജി പി.ആര് എന്നിവരും ഈ സമിതിയിലുണ്ടാകും. ഗൈഡായി ഡോ. ഇ.കെ. രാധാകൃഷ്ണന് തന്നെ തുടരും. കോഗൈഡുമാരായി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസും സ്കൂള്‍ ഒഫ് കെമിക്കല്‍ സയന്‍സസിലെ ഡോ. ബീന മാത്യുവുമുണ്ടാകും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. പ്രകാശ്കുമാര്.ബി, മറ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍, ദീപ പി. മോഹന്റെ പ്രതിനിധികളായി എം.എന്‍. സജീഷ് കുമാര്‍, അനുരാജി പി.ആര്, മന്‍സൂര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തിയ ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു. പിഎച്ച്ഡി പ്രവേശനം നല്കാതിരിക്കാനും പരമാവധി ശ്രമിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.
ഇതിനിടെ സമരത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് രംഗത്തു വന്നിരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താല്‍പ്പര്യമെന്താണെന്നാണ് മന്ത്രി നിയമസഭയില്‍ ചോദിച്ചത്. സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാര്‍ത്ഥിനി മുന്നോട്ട് പോകുന്നതിലെ അതൃപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിലൊന്നും ദീപ പിന്നോട്ടു പോകാന്‍ തയ്യാറായില്ല.
ജാതി അധിക്ഷേപത്തിനെതിരെ നടത്തിയ സമരത്തെ പിന്തുണച്ചവര്ക്കും മാധ്യമങ്ങള്‍ക്കും ദീപ നന്ദി പറഞ്ഞു. അതേ സമയം നാനോ സയന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താനുള്ള തീരുമാനം നിയമപരമായി നേരിടുമെന്ന് ഡോ.നന്ദകുമാര്‍ അറിയിച്ചു. ആരോപണങ്ങള്‍ നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: