ആലപ്പുഴ: കൈനകരി പതിനൊന്നാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ ജയേഷിനെ (26) വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. രണ്ടു പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും, അര ലക്ഷം രൂപ പിഴയും വിധിച്ചു. കോടതിക്ക് പുറത്ത് സംഘടിച്ചെത്തിയ ഗുണ്ടാം സംഘങ്ങള്‍ ചേരിതിരിഞ്ഞ് പോര്‍വിളിച്ചു. പോലീസ് ലാത്തിവീശി ഇവരെ വിരട്ടിയോടിച്ചു.
രണ്ടു മുതല്‍ നാലു വരെ പ്രതികളായ ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജന്(31), പുതുവല്‍വെളി നന്ദു(26), കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ്(38) എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി എ. ഇജാസ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് (പുന്നമട അഭിലാഷ് -32) കേസിന്റെ വിചാരണയ്ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. ഒന്‍പതാംപ്രതി കൈനകരി മാമൂട്ടിച്ചിറ വീട്ടില്‍ സന്തോഷ്(38), പത്താംപ്രതി കൈനകരി മാമൂട്ടിച്ചിറ കുഞ്ഞുമോന്(64)എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2014 മാര്‍ച്ച് 28ന് രാത്രി 10.30നാണ് മുന്‍വൈരാഗ്യം കാരണം പ്രതികള്‍ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട് പ്രതികള്‍ വെട്ടിക്കൊന്നത്. സംഭവത്തിനൊപ്പം പ്രതികള്‍ ജയേഷിന്റെ വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. നേരത്തെ അഭിലാഷിനെ അക്രമിച്ച കേസിലെ പ്രതിയായിരുന്നു ജയേഷ്. ഇതിന്റെ വിരോധത്തിലാണ് അഭിലാഷും സംഘവും വീടുകയറി കൊലചെയ്തത്. നെടുമുടി പോലീസാണ് കേസ് അന്വേഷിച്ചത്. അതിനിടെ ശിക്ഷ കോടതി വിധിച്ചതിന് പിന്നാലെ പ്രോസിക്യൂട്ടറെ പ്രതികള്‍ ഭീഷണിപ്പെടുത്തി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നാണ് കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ വിളിച്ചുപറഞ്ഞത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. രമേശന് ഹാജരായി. കോടതി പരിസരത്ത് അഭിലാഷിന്റെ സംഘവും, ജയേഷിന്റെ സംഘവും തമ്പടിച്ചിരുന്നു. ഇരുപക്ഷവും പരസ്പരം പോര്‍വിളിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. കോടതിയ്ക്ക് അകത്തു കയറിയ രണ്ടു പേരെ കരുതല്‍ തടങ്കലിലാക്കി.അണ്ണാച്ചി ഫൈസല്‍, ജിജു എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: