കലിയുഗാരംഭത്തില്‍ പ്രതിഷ്ഠിതമായതെന്ന് കരുതുന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് ആണ്ടില്‍ രണ്ട് തവണ. തുലാമാസത്തിലെ അല്‍പ്പശി ഉത്സവവും, മീനത്തിലെ പൈങ്കുനി ഉത്സവവും. തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളേന്തി അകമ്പടി സേവിക്കുന്ന രണ്ട് ഉത്സവങ്ങളും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. പത്ത് ദിവസം നീളുന്ന അല്‍പ്പശി, പൈങ്കുനി ആഘോഷങ്ങള്‍ ശംഖുമുഖത്തെ കടലോരത്ത് ആറാട്ടോടെയാണ് സമാപിക്കുക.
പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്‌ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ പതിവാണ്. തപസ്സനുഷ്ഠിച്ച വില്വമംഗലം മുനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ ശിരസ്സ് തിരുവല്ലത്തും, പാദങ്ങള്‍ തൃപ്പാപ്പൂരും (തൃപ്പാദപുരം), ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്നു.
പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്. ഒപ്പം തൃപ്പാദപുരം ഉപമൂര്‍ത്തിയും. എന്നാല്‍ അല്‍പ്പശി ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും കൂട്ടിനുണ്ടാവും. ആറാട്ട് ദിവസം വൈകിട്ടാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളുന്നത്.
ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി, തെക്കേമഠം നമ്പി, തിരുവമ്പാടി നമ്പി എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്‌ക്കൊപ്പം അണിനിരക്കുന്നു. ആന, അശ്വാരൂഢസേന, പോലീസിന്റെ വാദ്യമേളം, മിലിട്ടറിയുടെ വാദ്യമേളം. സായുധ സേന എന്നിവയ്‌ക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്‌ക്ക് ചാരുത നല്‍കാറുണ്ട്. ഘോഷയാത്ര പടിഞ്ഞാറെ കോട്ട കഴിഞ്ഞാല്‍ ആചാരപ്രകാരമുള്ള 21 കതിനാവെടി മുഴങ്ങും.
ഭക്തിയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും ഇഴചേരുന്ന ആറാട്ട് എഴുന്നള്ളത്ത് പ്രൗഢഗംഭീരമാണ്. പടിഞ്ഞാറേ നട, പടിഞ്ഞാറേകോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി വിമാനത്താവളത്തിന് കുറുകേ കടന്നാണ് ശംഖുമുഖം കടപ്പുറത്തെത്തുക. ഈ സമയത്ത് വിമാനത്താവളം താല്കാലികമായി അടഞ്ഞു കിടക്കും.
ഏഴുമണിയോടെയാണ് ശംഖുമുഖം കടലില്‍ ഭഗവാന്റെ തിരു ആറാട്ട് നടക്കുന്നത്. ആചാരപ്രകാരമുള്ള ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.
തുലാമാസത്തെ അത്തം നാളില്‍ കൊടിയേറിയ അല്‍പ്പശി ഉത്സവം ഇത്തവണ തിരുവോണനാളായ വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും. മീനത്തിലെ രോഹിണി നാളില്‍ കൊടിയേറി അത്തം നാളില്‍ ആറാട്ടോടെയാണ് പൈങ്കുനി ഉത്സവം സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: