ഇംഫാല്‍: കോണ്‍ഗ്രസിന് മണിപ്പൂരില്‍ തിരിച്ചടി. മണിപ്പൂർ കോൺഗ്രസിലെ രണ്ട് എം.എൽ.എമാർ തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ വരാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുക എന്ന ബിജെപി ലക്ഷ്യം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
എംഎല്‍എമാരായ രാജ് കുമാർ ഇമൊസിങ്, യംതോങ് ഹഓകിപ് തുടങ്ങിയവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതില്‍ രാജ്കുമാര്‍ ഇമൊസിങ് പാരമ്പര്യമുള്ള കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള അംഗമാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച രാജ്കുമാര്‍ ഇമൊസിങിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ന്യൂദൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തുവച്ചായിരുന്നു ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2022ല്‍ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂറുമാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്കുമാര്‍ ഇമൊസിങ് പ്രകീര്‍ത്തിച്ചു. 2017ല്‍ സമരങ്ങളുടെ ഭൂമിയായിരുന്ന മണിപ്പൂര്‍ ഇപ്പോള്‍ ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ പിതാവ് രാജ്കുമാര്‍ ജയ്ചന്ദ്ര സിങ് മണിപ്പൂര്‍ മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അവരുടെ വ്യക്തിത്വവും സ്വത്വവും വീണ്ടെടുത്തത് മോദിയുടെ ഭരണകാലത്താണെന്നും രാജ്കുമാര്‍ ഇമൊസിങ് പറഞ്ഞു.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്ര എന്നിവരാണ് മണിപ്പൂര്‍ എംഎൽഎമാരെ സ്വീകരിച്ചത്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ ബിജെപിയാണ് അധികാരത്തിലുള്ളത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ ശക്തിയാർജ്ജിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസ് എം.എൽ.എമാരെ പാർട്ടിയിലെത്തിച്ചതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. 2017ലാണ് ബിജെപി ആദ്യമായി മണിപ്പൂരില്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: