ന്യൂദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയം. ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദമായി നടപ്പാക്കിയ ബിജെപി സര്‍ക്കാരുകള്‍ക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്നും രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ അടക്കം വലിയ വിജയം ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അതിക്രൂര കൊലപാതകങ്ങളെ അപലപിച്ച നിര്‍വ്വാഹക സമിതി യോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചു. അക്രമികളെ സംരക്ഷിക്കുകയാണ് മമതാ സര്‍ക്കാരെന്നും സ്ത്രീകള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അനാവശ്യമായി വിമര്‍ശിക്കുകയെന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക ജോലി. ഏറെ നിലവാരം കുറഞ്ഞ തരത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാനസികാവസ്ഥ താഴ്ന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ജനസേവനത്തിന്റെ ഇരുപത് വര്‍ഷം മോദി തികച്ചതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. സേവനവും സമര്‍പ്പണവുമാണ് ബിജെപിയുടെ മുഖമുദ്ര.
വിദേശ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. രാജ്യമാണ് ആദ്യം എന്ന സങ്കല്‍പ്പത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാന്റെ മികച്ച പ്രവര്‍ത്തനം മൂലം ഇന്ന് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. കൃഷി സമ്മാന്‍ നിധി വഴി 1.53 ലക്ഷം കോടി രൂപ അടക്കം കോടിക്കണക്കിന് രൂപയാണ് രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നു. അഴിമതി രഹിത ഭാരതത്തിന്റെ സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പ്രമേയത്തെ പിന്തുണച്ചു. ജി. കിഷന് റെഡ്ഡി, ബിരേന്‍ സിങ്, അനുരാഗ് താക്കൂര്‍, പ്രമോദ് സാവന്ത്, അശ്വിനി വൈഷ്ണവ്, പുഷ്കര്‍ ധാമി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലെ വേദികളിലിരുന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. രാജ്യത്തെ 36 ബിജെപി ഓഫീസുകളില്‍ ഇരുന്നാണ് നിര്‍വ്വാഹക സമിതിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: