കുന്നത്തൂര്‍: നെടിയവിളയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവുമെന്ന് പരാതി. പോരുവഴി ഇടയ്‌ക്കാട് തെക്ക് അപര്‍ണ ഭവനത്തില്‍ വിഷ്ണുദാസ് (47) ആണ് സിപിഎം ഭീഷണിയില്‍ ജീവിതം വഴിമുട്ടി നില്ക്കുന്നത്.
ജൂലൈ 24നാണ് നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനത്തില്‍ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (20) കിടപ്പുമുറിയിലെ ജനലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് പ്രണയ വിവാഹിതരായവരാണ് ഇരുവരും. ഭര്‍ത്താവിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ധന്യയെ മര്‍ദിക്കാറുണ്ടെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ധന്യയുടെ പിതൃസഹോദരനായ വിഷ്ണുദാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ടിപ്പര്‍ ലോറി ഉടമയുമായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യാ പ്രേരണ കുറ്റം പോലും ചുമത്താന്‍ പോലീസ് തയാറായില്ല. സിപിഎം സ്വാധീനത്തെ തുടര്‍ന്നാണിതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടിലായിരുന്നു അപ്പോഴും വിഷ്ണുദാസ്. അന്നു മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം വിഷ്ണുദാസിനെതിരെ ഭീഷണിയുമായി രംഗത്തുണ്ട്.
ഏഴാംമൈല്‍ ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വിഷ്ണുദാസ് ലോട്ടറി ടിക്കറ്റ് കൂടി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സംഭവത്തിന് ശേഷം ഒരോ കാരണങ്ങള്‍ പറഞ്ഞ് സിഐടിയു തൊഴിലാളികള്‍ വിഷ്ണുദാസിനെ ദ്രോഹിക്കുന്നതായാണ് പരാതി. ഏറ്റവും ഒടുവിലായി സ്റ്റാന്റില്‍ ലോട്ടറി വില്‍ക്കുന്നത് സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വിലക്കി. ഇതു ചോദ്യം ചെയ്ത വിഷ്ണുദാസിനെ മര്‍ദിക്കുകയും ലോട്ടറി ടിക്കറ്റുകളും തട്ടും നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു.
പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രദേശത്തെ സിപിഎം നേതാക്കന്മാരുടെ ഒത്താശയുണ്ടെന്നും ഡിവൈഎഫ്‌ഐക്കാരനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന വിഷ്ണുദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: