തൃശ്ശൂര്‍: ആളൂര്‍ പീഡനക്കേസിലെ പ്രതിയായ സി.സി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതു മുതല്‍ ഇരയായ പെണ്‍കുട്ടിയെയും ഇരയ്ക്കൊപ്പം നിന്നുവെന്ന കാരണത്താല്‍ തനിക്കെതിരെയും വ്യാജ കേസുകള്‍ നല്‍കുകയാണ് പ്രതിയുടെ കൂട്ടാളികളെന്ന് ഒളിമ്പ്യന്‍ മയൂഖാ ജോണി. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഭീഷണികള്‍ ഉണ്ടായ ഓരോ സന്ദര്‍ഭത്തിലും ലോക്കല്‍ പോലീസിന് പരാതികള്‍ നല്‍കിയിട്ടും മൊഴികള്‍ രേഖപ്പെടുത്താനോ, കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
കേസില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം വന്നതു സംബന്ധിച്ച് പരാതിപ്പെട്ട ഇരയായ പെണ്‍കുട്ടിയോട് സ്റ്റേഷനിലെത്തി നേരിട്ട് മൊഴി നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയ പെണ്‍കട്ടിയെയും ഭര്‍ത്താവിനെയും ആളൂര്‍ പോലീസ് മൊഴിയെടുക്കാതെ തിരിച്ചയച്ചു. എസ്.പി പൂങ്കുഴലി കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാന്‍ കഴിയൂവെന്നും ഇതിനാല്‍ മൊഴി സ്വീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് മടക്കി അയച്ചത്. പ്രതിയെ സഹായിക്കുന്ന ഈ നടപടിക്കെതിരെ പെണ്‍കുട്ടി ഡിജിപി, എഡിജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് നേരെയും അടുത്തിടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് മയൂഖാ ജോണി പറഞ്ഞു.
ജോണ്‍സനെതിരായ ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് മയൂഖാ ജോണി, പരാതിക്കാരനായ ഉമേഷ് ജോസ് എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ ജോണ്‍സന്റെ ബന്ധുവും കൂട്ടാളിയുമായ സാബു സെബാസ്റ്റ്യന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. കേസിന്റെ ഭാഗമായി കോടതിയില്‍ സാബു സെബാസ്റ്റ്യന്‍ ഇലക്ട്രോണിക് രേഖ സമര്‍പ്പിച്ചിരുന്നു. കൃത്രിമമായി ചമച്ചിട്ടുള്ളതാണ് ഇലക്ട്രോണിക് രേഖയെന്നും ഇതു കാണിച്ച് പ്രതികള്‍ ബ്ലാക്ക്മെയില്‍ ഭീഷണികള്‍ മുഴക്കിയെന്നുമുള്ള പരാതിയിലാണ് ചാലക്കുടി പോലീസ് ഇപ്പോള്‍ കേസ്് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: