കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം അന്‍പതിലധികം ദാഇഷ്/ഐഎസ്ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയതായി താലിബാന് അവകാശപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലെ താലിബാന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ ഈ രണ്ടു ഭീകരസംഘടനകളുമായി ബന്ധമുള്ള 55 തീവ്രവാദികള്‍ കീഴടങ്ങിയെന്നാണ് പറയുന്നത്.
ഈ ജില്ലയിലെ കോട്ട്, സ്പിന്‍ഘര്‍, ആച്ചിന്‍ മേഖലകളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഇവര്‍ക്ക് പ്രവിശ്യയിലെ ഗോത്രത്തലവന്മാരുടെ മധ്യസ്ഥതയില്‍ ഉപാധികളോടെ മാപ്പ് നല്‍കിയതായി നാംഗര്‍ഹാറിലെ രഹസ്യാന്വേഷണ ഏജന്‍സി, നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ തലവന്‍ ഡോക്ടര്‍ ബഷീര്‍ പറഞ്ഞു.
ഭീകരവാദികളില്‍ ആരെങ്കിലും ഉപാധികള്‍ ലംഘിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതോടൊപ്പം തന്നെ ഇവര്‍ തങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ഇസ്ലാമിക് എമിറേറ്റ്സിനു കീഴില്‍ സമാധാനപരമായി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതേ പ്രവിശ്യയില്‍ തന്നെ 65 ഓളം ഭീകരവാദികളുടെ ഒരു സംഘം കഴിഞ്ഞ ആഴ്ചയും കീഴടങ്ങിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ നിരവധി അക്രമണങ്ങള്‍ നടത്തിയ ദാഇഷ്/ ഐഎസ്ഐഎസ് തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തതായി താലിബാന് അവകാശപ്പെട്ടു.
എന്നാല്‍ ഈ സംഘം നംഗര്‍ഹാര്‍, പര്‍വാന്‍ പ്രവിശ്യകളില്‍ കൊലപാതങ്ങളും കാണ്ഡഹാറിലും വടക്കന്‍ കുന്ദുസ് പ്രവിശ്യയിലെ ഷിയാ സമൂഹത്തിന്റെ പള്ളിയിലും നൂറിലധികം ജനങ്ങളെ കൊന്നൊടുക്കിയ ചാവേര്‍ ബോംബാക്രമണം നടത്തിയതായും ഈ സംഘം അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: