ന്യൂദല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് തടയിട്ട് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ എക്സൈസ് തീരുവ കുറച്ചതു മൂലം കേന്ദ്ര സര്‍ക്കാരിനുണ്ടാവുക 45,000 കോടി രൂപയുടെ വരുമാന നഷ്ടം. ഗവേഷണ ഏജന്‍സി നോമുറയാണ് കണക്ക് പുറത്തുവിട്ടത്. എക്സൈസ് തീരുവ പതിനെട്ടു മാസത്തിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്നത്.
2019-20 സാമ്പത്തിക വര്‍ഷം 2.2 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2020-21ല്‍ ഇത് 3.73 ലക്ഷം കോടിയായി. പെട്രോള്‍ ലിറ്ററിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമായിരുന്നു തീരുവ. 2021-2022 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ പെട്രോള്‍ ഉപഭോഗം 21.4 ശതമാനവും ഡീസല്‍ ഉപഭോഗം 15.4 ശതമാനവുമായി ഉയര്‍ന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെ നികുതി വരവും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. പ്രതീക്ഷിച്ചിരുന്നതിന്റെ 55 ശതമാനം നികുതി ഇതിനകം ലഭിച്ചു. ശരാശരി നാല്പതു ശതമാനം വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ബജറ്റില്‍ പറഞ്ഞിരുന്നതിനെക്കാള്‍ 1.9 ലക്ഷം കോടി രൂപയുടെ വരെ അധിക വരുമാനം സര്‍ക്കാരിനുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സി ഇക്ര പറയുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് നാണയപ്പെരുപ്പം കുറയ്ക്കും, ഉപഭോഗം കൂട്ടും. ഇന്ധന വിലയിലെ കുറവ് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉണര്‍വ്വേകും. നാണയപ്പെരുപ്പം കുറയാന്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: