ചെന്താപ്പൂര്
പ്രശസ്ത ബാലസാഹിത്യകാരനും സാഹിത്യത്തിന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തശൂരനാട് രവിയുടെ മൂന്നാം ചര്‍മവാര്‍ഷികമായിരുന്നു ഒക്ടോബര്‍ 24. മലയാളത്തിലെ ബാലസാഹിത്യകാരന്മാരില്‍ പ്രമുഖനായിരുന്നു ശൂരനാട് രവി. ഒരു ബാലസാഹിത്യകാരനായി അറിയപ്പെടാനാണ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ഇതര സാഹിത്യമേഖലകളിലും അദ്ദേഹം വ്യാപരിച്ചു. എണ്പതുകളിലൊക്കെ അദ്ദേഹത്തിന്റെ കവികള്‍ കുട്ടികളുടെ പ്രസിദ്ധീകണത്താളുകളില്‍ നിറഞ്ഞുനിന്നു. പേര് ഇല്ലാതെതന്നെ കവിതകള്‍ അച്ചടിച്ചാല്‍പോലും അത് ശൂരനാട് രവിയുടെ രചനയാണെന്ന് നമുക്ക് മനസ്സിലാകും.
കാക്ക വരുന്നൂ, കാക്ക വരുന്നൂ/കണ്ണട കണ്ണട കുഞ്ഞാളി/മൂങ്ങ വരുന്നൂ മൂങ്ങ വരുന്നൂ/കണ്ണട കണ്ണട കുഞ്ഞാളി/കാറ്റ് വരുന്നൂ കാറ്റ് വരുന്നൂ/കാതട കാതട കുഞ്ഞാളി/വടകള്‍ വരുന്നൂ വറ്റല്‍ വരുന്നൂ/വായ തുറക്കട കുഞ്ഞാളി….
ഇത് തീരെ ചെറിയ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്. തികച്ചും നേഴ്സറിപ്പാട്ട്. കുഞ്ഞാളി എന്നത് സരസമായി കുഞ്ചാളി എന്നുപോലും പേരുമാറ്റി വായിച്ചു രസിക്കാം.
പരിചിതമായ നാടന്‍ കുട്ടിക്കവിതകളുടെ താളത്തില്‍ ധാരാളം കുട്ടിക്കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. നുണക്കവിത, അക്ഷരപ്പാട്ട് തുടങ്ങിയ വ്യത്യസ്തമായ തലക്കെട്ടുകളില്‍ ബാലസാഹിത്യവകഭേദങ്ങള്‍ വേറെയും. എഴുതിയതൊക്കെ തന്നെ വേഗംതന്നെ പുസ്തകമായിക്കാണാനുള്ള ഒരു വ്യഗ്രത കുട്ടികളുടെ വാശിപോലെ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസാധകരുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ പുസ്തക പ്രസാധനം സ്വന്തം നിലയിലും നിര്‍വഹിച്ച് നല്ലൊരു തുക ചെലവഴിച്ചു. അതൊക്കെതന്നെ ബാലസാഹിത്യത്തോടും കുട്ടികളോടുമുള്ള അര്‍പ്പണമനോഭാവത്തിന്റെയും ഭാഗമായി നിരീക്ഷിക്കാവുന്നതാണ്.
പുസ്തകവും അക്ഷരങ്ങളും അനശ്വരമാണെന്നും നാളെ അതൊക്കെ തൊട്ടുകൊണ്ട് തന്റെ വഴികളിലൂടെ പിന്‍ഗാമികള്‍ കടന്നുവരുമെന്നു ദീര്‍ഘദര്‍ശിയായ ഒരെഴുത്തുകാരന് അനുമാനിക്കാന്‍ കഴിയും. സാന്ദര്‍ഭികമായി നാം അതൊക്കെ പരാമര്‍ശിക്കുമ്പോള്‍തന്നെ ആ എഴുത്തുകാരന്റെ ദീര്‍ഘദര്‍ശനം എത്ര സഫലം എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്. ബാലസാഹിത്യരംഗത്തു മാത്രമല്ല ഈടുറ്റ പല കൃതികളും കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിലും, വിവര്‍ത്തനം ചെയ്യുന്നതിലും ശോഭിച്ചു. ശ്രീബുദ്ധന് ഏഷ്യയുടെ വെളിച്ചം, ഗാന്ധിജിയുടെ അന്ത്യപ്രഭാഷണങ്ങള്‍, ഒരു കടലോരഗ്രാമത്തിന്റെ കഥ, ചാരുകസേര അങ്ങനെ നിരവധി കൃതികള്‍. മീരാന്‍ എന്ന തമിഴ് സാഹിത്യകാരനെ മലയാളത്തിന് പരിചയപ്പെടുത്തിയത് ശൂരനാട് രവി എന്ന് നിസ്സംശയം പറയാം.
ഒരു ജനതയുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ടു വരുന്ന സാഹിത്യനിര്‍മ്മിതികളെ മലയാളത്തിന് പരിചയപ്പെടുത്തി. നൂറ്റൊന്ന് റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍, തെലുങ്കുകഥകള്‍, തഞ്ചാവൂരിലെ താരാട്ടുപാട്ടുകള്‍, തിരുപ്പതി വെങ്കിടേശകഥകള്‍, പൊന്നിറത്താള്‍ കഥകള്‍ അക്കൂട്ടത്തില്‍പ്പെടുന്നവയാണ്. മലയാളം, ഒരു സ്വതന്ത്രഭാഷയാകുന്നതിനുമുമ്പ് കേരളീയനായ ശ്രീരാമകവിയാല്‍ രചിക്കപ്പെട്ട വളരെ പുതുമയുള്ള ഒരു സംസ്കൃത നാടകമാണ് സുബാല വജ്രതുണ്ഡം. എലിയും പല്ലിയും പാറ്റയുമൊക്കെ കഥാപാത്രമായി വരുന്ന ഈ നാടകം മലയാളത്തിലെ ആദ്യ ബാലനാടകത്തിന്റെ പട്ടികയില്‍പ്പെടുന്നു. ഇതു കണ്ടെടുത്ത് വിവര്‍ത്തനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ക്കൂടി ബാലസാഹിത്യം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതിന്റെ പൊതു സ്വഭാവംകൂടി അദ്ദേഹം വ്യക്തമാക്കി തരികയാണ്.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ലഭ്യമല്ലാതിരുന്ന ശ്രീമദ് ഭഗവത് ഗീതയുടെ പരിഭാഷ മൂലകൃതി സഹിതം അദ്ദേഹം പ്രസിദ്ധീകരിച്ചു. അതുപോലെ കൊട്ടാരക്കര തമ്പുരാന്റെ തമ്പുരാന് രാമായണവും മറ്റ് പല കൃതികളും സ്വന്തം ചെലവില്‍ പ്രകാശിപ്പിച്ചു. ഭാഷാസേവനവും സാഹിത്യ സേവനവും മഹത്വമുള്ളതാകുന്നത് ഇങ്ങനെയാണ്. പൈതൃക നന്മകള് കണ്ടെത്തുകയും അവ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ സ്വയം ഒരിടം നേടുകകൂടി ചെയ്യുന്നു. ഈ വിധത്തില്‍ വലിയ സംഭാവനകളാണ് രവിസാര്‍ നല്‍കിയിട്ടുള്ളതെന്ന് കാണാം.
കേരളത്തിന്റെ നവോത്ഥാനത്തിന് വഴിമരുന്നിട്ട ചട്ടമ്പിസ്വാമികളുടെ ആരാധകനായിരുന്നു അദ്ദേഹം. സ്വാമികളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്നതിനായി രൂപംകൊടുത്ത വിദ്യാധിരാജ സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വേദാധികാരനിരൂപണം’ പുസ്തകമാക്കിയാല്‍ കൊള്ളാമെന്ന് അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യവുമില്ലാതെ സമ്മതിച്ചു.
കൊല്ലത്ത് ഇഴയടുപ്പമുള്ള ഒരുപാട് സൗഹൃദങ്ങള്‍ രവിസാറിനുണ്ടായിരുന്നു. കൊല്ലത്തിന്റെ ഏതു ഭാഗത്തുവന്നാലും ചിന്നക്കടയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലക്ക് എതിര്‍വശമുള്ള വേണുഅണ്ണന്റെ പ്രസീദാ ബുക്ക് സ്റ്റാളില്‍ എത്തും. പുതിയ പുസ്തകം ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ കോപ്പി കൊടുക്കും. മുണ്ടിന്റെ കൊന്തല ഉയര്‍ത്തിപ്പിടിച്ച്, തോളത്ത് സഞ്ചിയും തൂക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നുവരുന്ന രവിസാറിന്റെ രൂപം മറക്കാനാവില്ല. വിദേശയാത്രകളും സാഹിത്യസംബന്ധമായ വിഷയങ്ങളുമൊക്കെ ചര്‍ച്ച ചെയ്ത് ഒന്ന് ഉഷാറായിട്ടാകും കൊല്ലത്തുനിന്ന് മടങ്ങുക. സാംസ്ക്കാരിക പരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, കുട്ടികളോടൊപ്പമുള്ള കഥ പറച്ചിലുകള്‍ അങ്ങനെ നിരവധി പരിപാടികളില്‍ സാറിനെ പങ്കെടുപ്പിക്കാന്‍ സാധിച്ചു. ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്ക്കാരം ലഭിച്ച സന്ദര്‍ഭത്തില്‍ ആദരിക്കാന്‍ സാധിച്ചതും ഓര്‍മ്മിച്ചുപോകുന്നു. യാത്രയായ സന്ദര്‍ഭത്തില്‍ കൊല്ലം പബ്ലിക്ക് ലൈബ്രറിയില്‍വച്ച് എന്‍.ബി.എസിന്റെ പുസ്തകോത്സവ സാംസ്ക്കാരിക സമ്മേളനത്തില്‍വച്ച് സാറിന്റെ ഓര്‍മ്മകള്‍ പങ്കിടാനും അവസരമൊരുക്കി.
ഊരിപ്പോകാത്തൊരു നട്ടെല്ല് ശൂരനാട് രവി എന്ന ബാലസാഹിത്യകാരനുമുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഒരു ബാലകവിതാരൂപത്തില്‍ തന്റെ ഉള്ള് അദ്ദേഹവും ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട്.
കടിയൊന്നു നീട്ടിയാല്‍- കാടിയാകുന്നു
കൊടിയൊന്നു നീട്ടിയാല്‍- കോടിയാകുന്നു
മലയൊന്നു നീട്ടിയാല്‍- മലയാകുന്നു
പറയൊന്നു നീട്ടിയാല്‍- പാറയാകുന്നു
അടി നീട്ടിപ്പാടുമ്പോള്‍- ആടയാകുന്നു
പട നീട്ടിപ്പാടുമ്പോള്‍- പാടയാകുന്നു
കുടനീട്ടിപ്പാടുമ്പോള്‍- കൂടയാകുന്നു
കൂടയില്‍ കേറല്ലേ കൂട്ടരേ, നിങ്ങള്‍.
പലര്‍ക്കുമുള്ള മുന്നറിയിപ്പായും ഇക്കവിത വായിക്കാം. കൂടയില്‍ കയറാത്തവര്‍ക്ക് നമോവാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: