പ്രായമേറെയായെങ്കിലും ദുഃഖങ്ങളും ദുരിതങ്ങളും ആരെയുമറിയിക്കാതെ ഇപ്പോഴും, മാമ്പഴം പെറുക്കാന്‍ വരുന്നവര്‍ക്ക് മാമ്പഴവും തണലുമേകി പടര്‍ന്നുപന്തലിച്ച് കുടുംബത്തിന്റെ തൊടിയില്‍, വെള്ളവും വളവും ലഭിക്കാതെ എപ്പോള്‍ വേണമെങ്കിലും നിലംപൊത്തുവാന്‍ പാകത്തിന് നില്‍ക്കുകയാണ് ഗന്ധര്‍വമാവ്. എക്കാലത്തും മാങ്ങാ കായ്ക്കുന്ന ദേവ വൃക്ഷമാണിതെന്ന ഖ്യാതിയും ഗന്ധര്വമാവിന് സ്വന്തം. കുടുംബത്തിലെ അഞ്ച് സുന്ദരിമാര്‍ എന്നറിയപ്പെട്ടിരുന്ന നാരീമണികള്‍ കളിച്ചു വളര്‍ന്നത് ഈ മാവിന്റെ പാദാരവിന്ദങ്ങളിലാണ്. ഇക്കാര്യം മൗന മൊഴികളാല് നിത്യവും ഗന്ധര്‍വമാവ് പുതുതലമുറയെ അറിയിക്കുന്നുണ്ട്. ഇളങ്കാറ്റും കൊടുങ്കാറ്റും പേമാരിയും വേനല്‍ ചൂടും സഹിച്ച് ഈ വാര്‍ധക്യത്തിലും ഗന്ധര്‍വമാവ് തണലേകി സംരക്ഷിക്കുന്നതില്‍ വിമുഖത കാണിക്കാറില്ല. തന്റെ സംരക്ഷകരെന്ന് നടിച്ച് അടുത്തു വരികയും കൊമ്പുകള്‍ മുറിച്ചുകൊണ്ടു പോവുകയും ചെയ്യുന്നത് ദുഃഖത്തോടെ അനുഭവിക്കുകയാണ് മാവ്. തീര്‍ത്തും വയ്യാതായെങ്കിലും മാവു മുത്തച്ഛന് കഥ പറയുന്നതിലും വൈഷമ്യം കാണിക്കാറില്ല.
സ്വന്തം കാര്യത്തിനായി ഈ മാഞ്ചോട്ടില്‍ എത്തുന്നവരോട് വാചാലമാകുന്നതിനു വാര്‍ദ്ധക്യം തടസ്സവും ആയിരുന്നില്ല. കേള്‍വിക്കാരായ കുടുംബക്കാര്‍ക്ക് മാവു മുത്തച്ഛന്റെ വേദന മനസ്സിലാകുന്നില്ലെങ്കിലും മുത്തച്ഛന് കഥ തടുരും. പ്രഗത്ഭരും പ്രശസ്തരുമായ പുരുഷോത്തമന്മാര് അഞ്ച് സുന്ദരിമാരെ വിവാഹം കഴിച്ചു, മുത്തച്ഛന് പറഞ്ഞു തുടങ്ങും. അഞ്ചുപേര്‍ക്കും ആഗ്രഹിച്ചതിലേറെ കുട്ടികളും ജനിച്ചു. അവരെ എല്ലാവരെയും അമ്മമാര്‍ ഒരുപോലെ സ്നേഹിച്ചു. മാമ്പഴം പെറുക്കാന്‍ എല്ലാവര്ക്കും ഒരുപോലെ അവകാശവും നല്കി. എന്നാല്‍ മാവിന് വെള്ളമൊഴിക്കുകയും വളമിടുകയും മുതിര്‍ന്ന കുട്ടികള്‍ ചെയ്യണമെന്ന് കാരണവന്മാര് അനുശാസിച്ചു. രാജകല്പ്പന പോലെ എല്ലാവരും സ്വീകരിച്ചു. അഞ്ച് സുന്ദരിമാര്‍ പരലോക പ്രാപ്തരായശേഷം, സുന്ദരിമാരുടെ ആദ്യ സന്താനങ്ങളില്‍ പലരും ഇഹലോകവാസം വെടിഞ്ഞു. പിന്നീട് അഞ്ച് സുന്ദരിമാരില്‍ ഭവാമിയുടെ നാലുമക്കളില്‍ മൂത്ത പുത്രനായ ഗോപു ഗന്ധര്‍വമാവിന്റെ അധികാരം സ്വയം ഏറ്റെടുത്തു. ഗന്ധര്‍വമാവിന്റെ പഴക്കവും മഹത്വവും മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, മാവിന്റെ ശിഖരങ്ങള്‍ വെട്ടി വിറകാക്കാനും തുടങ്ങി. ഗോപുവിന് സേവനമായിരുന്നില്ല ലക്ഷ്യം, ഭരണമായിരുന്നു. മക്കളെ നിങ്ങളീ തണലുംകൊണ്ട് മാങ്ങയും തിന്ന് വെറുതെ ജീവിച്ചാല്‍ പോരാ. എനിക്ക് വെള്ളവും വളവും തരണമെന്ന് മാവു പറഞ്ഞെങ്കിലും ഗന്ധര്‍വമാവിന്റെ ഭാഷ ഇവറ്റകള്‍ക്ക് മനസ്സിലായില്ല.
പരദേശത്തു പോയി സായിപ്പിന് കഞ്ഞിവച്ചും, അവന്റെ ആംഗലേയ ആന്തരിക ശീല നനച്ചു കൊടുത്തും പത്തു കാശുണ്ടാക്കി, സ്വയംപൊങ്ങികള്‍ക്ക് ഈ മുത്തച്ഛനെ എങ്ങനെ മനസ്സിലാകാന്‍! മുത്തച്ഛന് നെടുവീര്‍പ്പുകൊണ്ട് തലകുലുക്കി നിന്നു. മാഞ്ചോട്ടിലിരിപ്പും മദ്യപാനവും സ്ഥിരമാക്കിയ ഗോപുവിന്റെ അല്പ്പന്മാരായ കൂട്ടുകാര്‍ ഇടക്കിടെ വരും. ഇവറ്റകളെ കാണുന്നത് ഗന്ധര്‍വ മുത്തച്ഛന് അറപ്പാണ്. ദോഷം പറയരുതല്ലോ, ഇവറ്റകളുടെ കുടുംബിനികളുടെ പ്രാര്‍ത്ഥന കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതുകൊണ്ട് ഗന്ധര്‍വമാവ് ശപിക്കാതെ ക്ഷമിക്കും. ഗന്ധര്‍വമാവിന്റെ ചോടും കടയുമെല്ലാം കുശുത്തുതുടങ്ങി. ചോട്ടിലിരുന്ന് മദ്യപാനം നടത്തുന്ന ശുംഭന്മാര്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. ചോട്ടില്‍നിന്ന് എല്ലാവരും മാറിക്കോ! ദൂരെ നില്ക്കുന്ന ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു. വലിയകാറ്റും മഴയും വരുന്നു!! വീണ്ടും വീണ്ടും ബന്ധുക്കള്‍ വിളിച്ചു പറഞ്ഞു! പെറുക്കി കൂട്ടിയ മാമ്പഴം ചാക്കുകളിലാക്കി മധുപാനം ചെയ്തുകൊണ്ട് ഗോപുവും കൂട്ടരുമിരുന്നു. ചെയ്ത്തിന്റെ ഫലം അനുഭവിച്ചേ പറ്റൂ. കൊടുങ്കാറ്റും പേമാരിയും വന്നു മാവ് കടപുഴകി വീണു. ഓടിയെത്തിയ കുടുംബിനികള്‍ക്കും മക്കള്‍ക്കും കരയാന്‍ മാത്രം കഴിഞ്ഞുള്ളൂ.
ഇത് അപകടമാണ് ഇങ്ങനെ ചെയ്യരുത് എന്ന് ഞങ്ങള്‍ പറഞ്ഞതല്ലേ, കുടുംബക്കാര് നിലവിളിച്ചുകൊണ്ട് പറഞ്ഞു. ഇത് എല്ലാവര്ക്കും ഒരു പാഠമാകട്ടെ എന്ന് ഗന്ധര്‍വമാവിന്റെ ആത്മാവ് മന്ത്രിച്ചു. മാവ് മുത്തച്ഛന്റെ വീഴ്ചയില്‍ സര്‍വനാശം സംഭവിച്ച കുടുംബക്കാരുടെ നിരപരാധികളായ ശേഷക്കാര്‍ മാവു മുത്തച്ഛന്റെ ഓര്‍മയ്ക്കായി പുതിയ ഒരു മാവിന് തൈ നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: