Categories: Kollam

സിപിഎം പോരുവഴി ലോക്കല്‍ സമ്മേളനം എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ അടിച്ചു പിരിഞ്ഞു

Published by

ശാസ്താംകോട്ട: എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സമ്മേളനം അടിച്ചു പിരിഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയുടെ പിന്തുണ നേടാന്‍ സിപിഎം നേതൃത്വത്തിലെ ചിലര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനെ സമ്മേളനത്തില്‍ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിനെ ന്യായീകരിക്കാന്‍ മറുവിഭാഗം എത്തിയതോടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു.  

ഔദ്യോഗിക പാനലിനെതിരെ പ്രതിഷേധിച്ചവര്‍ രംഗത്തു വന്നു. ലോക്കല്‍ കമ്മിറ്റിയുടെ പാനല്‍ സന്ധ്യയോടെ അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി ഹാരിസിനെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ക്ക് ഇടയില്‍ നിന്ന് ആവശ്യമുയര്‍ന്നു. അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെ മത്സരത്തിലേക്ക് എത്തി.  

നേതൃത്വം അവതരിപ്പിച്ച പുതിയ 15 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കി ഹാരിസിനെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഔദ്യോഗിക ചേരി പൂര്‍ണമായും  തള്ളി.  ജില്ലാ കമ്മിറ്റി അംഗം എം. ഗംഗാധരകുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള, സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എംപി എന്നിവര്‍ ഇടപെട്ടിട്ടും മത്സരത്തില്‍ നിന്ന് പിന്മാറാന്‍ വിമത ചേരി തയ്യാറായില്ല. 

അനുനയ നീക്കങ്ങള്‍ എല്ലാം പാളിയതോടെ രാത്രി 11ന് പിരിച്ചുവിട്ടു. സിപിഎമ്മിന്റെ പ്രദേശത്തെ  പ്രവര്‍ത്തന രീതിക്കെതിരെ സമ്മേളനത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.  ലോക്കല്‍ കമ്മിറ്റിയെയും ഏരിയ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കാതെ സമ്മേളനം പിരിച്ചുവിട്ടതോടെ പോരുവഴി പടിഞ്ഞാറ് മേഖലയില്‍ സിപിഎമ്മിന് പാര്‍ട്ടി ഘടകം ഇല്ലാത്ത സ്ഥിതിയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by