ഇടുക്കി : മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തിയശേഷം അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട്. അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തണമെങ്കില്‍ കേരള സര്‍ക്കാരിന്റേയും അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെയായി മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്തെങ്കില്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂ. വര്‍ഷങ്ങളായി നടക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന് അറിയിച്ചു.
ബേബി ഡാമിന് താഴെയുള്ള മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വന വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്നാണ് മറുപടി നല്‍കിയത്. ഈ തടസങ്ങളെല്ലം പരിഹരിച്ചു കഴിഞ്ഞാല്‍ ബേബി ഡാം പെട്ടന്ന് തന്നെ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍ പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.
ഡാം പുതുക്കി പണിത ശേഷമേ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മ്മികതയുമില്ല. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടെ ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്ന് പരിശോധിച്ചിട്ടില്ലെന്നും ദുരൈ മുരുകന് അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒമ്പതിന് തമിഴ്നാടില്‍ വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
അതേസമയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: