കോഴിക്കോട് : വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി നല്കി അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കാഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സുദര്‍ശനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ സുദര്ശന് ഫോണ്‍ രേഖ ചോര്‍ത്തിയെന്നാണ് വീട്ടമ്മയുടെ ആരോപണം.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി രാഹുല്‍ ആര്. നായര്‍ക്കാണ് ഡിജിപി അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയത്.
ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കി തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് വീട്ടമ്മയുടെ ആരോപണം. ഇതില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ്പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണത്തിന്റെ മറവിലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എസിപി ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: