ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കികൊണ്ട് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളായ മെര്‍ക്കും റിഡ്ജ്ബാക്ക് ബയോതെറാപ്പ്യൂട്ടിക്സും സംയുക്തമായി വികസിപ്പിച്ച കോവിഡ് 19 ഓറല്‍ ആന്റിവൈറല്‍ ഗുളികയ്ക്ക് ബ്രിട്ടണ് അംഗീകാരം നല്കി. മോല്‍നുപിറാവര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഗുളികയ്ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നല്കുന്ന രാജ്യം ബ്രിട്ടണാണ്. ബ്രിട്ടണില്‍ ലാഗെവ്രിയോ എന്ന ബ്രാന്‍ഡിലായിരിക്കും ഈ ഗുളിക പുറത്തിറക്കുന്നത്. ബ്രിട്ടണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയാണ് (എംഎച്ച്ആര്‍എ) മോല്‍നുപിറാവറിന് അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ഉടന്‍ ഈ ഗുളിക ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കണമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലോകത്തെമ്പാടുമുള്ള 5.2 ദശലക്ഷം ആളുകളെ മരണത്തിലേക്ക് തള്ളി വിട്ട കോവിഡിനെ നേരിടാനുള്ള പോരാട്ടത്തില്‍ ഇതുവരെ രാജ്യങ്ങളെ സഹായിച്ചത് വാക്സിനുകളാണ്. ഗിലെയാഡിന്റെ ഇന്‍ഫ്യൂസ്ഡ് ആന്റി വൈറല്‍ റെംഡിസിവിര്‍, ജനറിക് സ്റ്റിറോയിഡ് ഡെക്സമെതാസോണ്‍ എന്നിവയുള്‍പ്പടെയുള്ള ചികിത്സകള്‍ സാധാരണയായി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമേ നല്‍കുകയുള്ളു.
കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഇത് മരോഗികളുടെ മരണ സാധ്യത പകുതിയായി കുറച്ചുവെന്നാണ് കണ്ടെത്തല്‍. കോവിഡ് 19 ന് കാരണമാകുന്ന സാഴ്സ് കോവ് 2 എന്ന വൈറസിന്റെ ജനതിക കോഡില്‍ പിഴവുകളുണ്ടാക്കുന്ന തരത്തിലാണ് ഈ ഗുളിക രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് അഞ്ച് ദിവസത്തില്‍ രണ്ടു തവണയാണ് കഴിക്കേണ്ടത്.
കോവിഡ് ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണ് ഇതിന് വേഗത്തില്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം ഏകദേശം 40,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യഘട്ടത്തില്‍ മോല്‍നുപിറാവറിന്റെ നാലര ലക്ഷത്തോളം ഡോസുകള്‍ ഇറക്കുമതി ചെയ്യാനാണ് ബ്രിട്ടന് തീരുമാനിച്ചിരിക്കുന്നത്.
വികസ്വര രാജ്യങ്ങള്‍ക്ക് ‘മോല്‍നുപിറാവിര്‍’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ മാസം മെര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന് മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് എംഎച്ച്ആര്‍എ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്സിന് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന് ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നല്കിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: