മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകിട്ട് 6.15 മുതല്‍ 07.15 വരെ നടക്കും. സ്റ്റോക്ക് മാര്‍ക്കറ്റിന് ഇന്ന് ദീപാവലി അവധിദിനമാണെങ്കിലും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും മുഹൂര്‍ത്ത വ്യാപാരത്തിന് അവസരം നല്‍കും. ഈ സമയത്ത് ഓണ്‍ലൈനായും രാജ്യത്തെങ്ങുമുള്ള ട്രേഡിങ് ടെര്‍മിനലുകളിലൂടെ നേരിട്ടും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം. ‘സംവത്-2078’ വര്‍ഷത്തിലേക്ക് ഇന്നാണ് ചുവടുവയ്ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവര്‍ഷമായ സംവത്-2078ലെ സെഷനുകള്‍ക്ക് ഇന്നത്തെ മുഹൂര്‍ത്ത വ്യാപാരത്തോടെ തുടക്കമാകും. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വര്‍ഷാവസാനം വരെ ആവര്‍ത്തിക്കുമെന്നാണു വിശ്വാസം.
മുഹൂര്‍ത്ത വ്യാപാരത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ഓഹരി മാര്‍ക്കറ്റ് വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. നാളെ ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുള്ള അവധിയാണ്. തുടര്‍ന്നുള്ള ശനിയും ഞായറും പതിവ് അവധി. കഴിഞ്ഞ ദീപാവലി മുഹൂര്‍ത്ത വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 43,637.98 പോയിന്റില്‍ എത്തിയിരുന്നു; നിഫ്റ്റി 12,770. 60 പോയിന്റിലും. ഇപ്പോള്‍ എത്തിനില്ക്കുന്നതു സെന്‍സെക്സ് 59,771.92 പോയിന്റിലും നിഫ്റ്റി 17,829.20 പോയിന്റിലും. ഒരു വര്‍ഷംകൊണ്ടു സെന്‍സെക്സില്‍ 37 ശതമാനവും നിഫ്റ്റിയില്‍ 39.6 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: