കൊച്ചി : വൈറ്റിലയില്‍ കോണ്‍ഗ്രസ്സിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധം ഉയര്‍ത്തവേ നടന് ജോജു ജോര്‍ജ് മാസ്ക് ധരിച്ചിരുന്നില്ലെന്ന് ആരോപണം. ഇത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നല്കി. വഴിതടയല്‍ സമരത്തിനെതിരെ നടന് രംഗത്ത് എത്തിയതോടെ പ്രദേശവാസികളും ഇതിനെ പിന്തുണയ്ക്കുയും കോണ്‍ഗ്രസ്സിന് നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോജു ജോര്‍ജിനെതിരെ വീണ്ടും പരാതി ഉയര്‍ത്തിയിരിക്കുന്നത്.
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ. പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്.
നടന് ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ രണ്ട് ദിവസമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.കീഴടങ്ങിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനും പാര്‍ട്ടിക്കുള്ളില്‍ ആലോചനയുണ്ട്.
ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരമാണ് ഒടുവില്‍ നാടകീയ രംഗങ്ങളില്‍ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന് ജോജു ജോര്‍ജ് ഇറങ്ങി വരികയായിരുന്നു. തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്കാനിങ്ങിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ചോദിച്ചായിരുന്നു ജോജുവിന്റെ പ്രതിഷേധം.
ഒടുവില്‍ ജോജുവും കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും സമരക്കാര്‍ നടന്റെ വണ്ടി സമരക്കാര്‍ തടയുകയും അടിച്ചു തകര്‍ക്കുകയുമായിരുന്നു. അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്ന് വിശയത്തില്‍ പോലീസും അറിയിച്ചിരുന്നു.
അതേസമയം ജോജുവിനെതിരായ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: