സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ സമാപിച്ച കാലാവസ്ഥാ ഉച്ചകോടി ഭാരതത്തിന്റെ പ്രാമുഖ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അരക്കിട്ടുറപ്പിക്കുന്നതായി. വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അര്‍ത്ഥപൂര്‍ണമായ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മോദി ഗ്ലാസ്ഗോയിലെത്തിയത്. സംഘപരിവാറിനും മോദി സര്‍ക്കാരിനുമെതിരെ മതപക്ഷപാതം ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു മോദി-മാര്‍പാപ്പ കൂടിക്കാഴ്ച. കൊവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ഭാരതം ലോകത്തിന് നല്കുന്ന സംഭാവനകളെ പ്രശംസിച്ച മാര്‍പാപ്പ ചിരപരിചിതനെപ്പോലെയാണ് മോദിയോട് പെരുമാറിയത്. നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി ഇരുവരും തമ്മിലെ ഔദ്യോഗിക കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടത് പലരെയും വിസ്മയിപ്പിക്കുകയുണ്ടായി. വലിയ പ്രതികരണമാണ് ഈ കൂടിക്കാഴ്ച ഭാരതത്തിലുണ്ടാക്കിയത്. ലോകനേതാവ് എന്ന നിലയില്‍ ഇതിന്റെ ആവര്‍ത്തനമാണ് ഗ്ലാസ്ഗോയില്‍ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം. കാലാവസ്ഥാ ഉച്ചകോടിയില്‍ മുഴങ്ങിക്കേട്ട മോദിയുടെ ഭാഷയും പ്രകടമായ ശരീരഭാഷയും മറ്റ് രാഷ്ട്രങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചു. തന്റെ രാജ്യത്തും വളരെ ജനകീയനായ മോദിയെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരുമൊത്ത് അനൗദ്യോഗികമായി അടുത്തിടപഴകുന്ന മോദിയുടെ ചിത്രങ്ങള്‍ അഭിമാനകരമായ മുഹൂര്‍ത്തങ്ങളാണ് ഭാരതത്തിന് സമ്മാനിച്ചത്.
കോപ്-26 എന്നു പേരിട്ട ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ആരെക്കാളും മുന്നില്‍നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് രൂപംനല്കിയ പാരീസ് ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന രാജ്യം ഭാരതമാണെന്നും, മാനവരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടാന്‍ ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് കരുത്തുണ്ടെന്നും മോദി തെളിയിച്ചു. ഫോസില്‍ ഇതര ഊര്‍ജശേഷി 500 ജിഗാ വാട്ടായി ഉയര്‍ത്തി 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കുമെന്ന മോദിയുടെ പ്രഖ്യാപനം മറ്റ് രാഷ്ട്രത്തലവന്മാരില് വന്‍ സ്വാധീനമാണ് ഉണ്ടാക്കിയത്. ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാവാണ് താനെന്ന് മറ്റ് രാഷ്ട്രത്തലവന്മാരെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ ഭാരതത്തിന്റെ നേതൃത്വത്തെ ഉയര്‍ത്തിക്കാണിക്കുക വഴി ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു മോദിയുടെ ഇടപെടലുകള്‍. ദേശീയ താല്‍പ്പര്യവും ആഗോള ഉത്തരവാദിത്വവും എങ്ങനെ പൊരുത്തപ്പെടുത്താമെന്നതാണ് ഓരോ രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ചാ നിരക്കും വികസനവും കൈവരിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഭാരതം തെളിയിച്ചിരിക്കുകയാണ്. ഉച്ചകോടിയില്‍ മോദി അവതരിപ്പിച്ച ‘പഞ്ചാമൃതം’ എന്ന ആശയം പൂര്‍ണമായി തന്നെ മറ്റ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളുകയുണ്ടായി. ഒരു അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിന് രൂപംനല്‍കണമെന്ന മോദിയുടെ നിര്‍ദേശവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
എല്ലാവരും സുഖമായിരിക്കട്ടെ എന്നര്‍ത്ഥമുള്ള ‘സര്‍വേ ഭവന്തു സുഖിനഃ’ എന്ന ഉപനിഷദ് മന്ത്രം ഉദ്ധരിച്ചാണ് ഭൂമുഖത്തെ ഏറ്റവും വലിയ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി പ്രസംഗിച്ചത്. റിയോഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ‘മാതാ ഭൂമി പുത്രോഹം പൃഥിവ്യാഃ’ എന്ന അഥര്‍വ വേദത്തിലെ മന്ത്രം ആപ്തവാക്യമായി സ്വീകരിച്ചത് ഇവിടെ ഓര്‍ക്കാം. ആഗോളതാപനം പരമാവധി കുറച്ചുകൊണ്ടുവന്ന് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അടുത്ത 12 വര്‍ഷം കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ലോകത്തെ 15,000 മുന്‍നിര ശാസ്ത്രജ്ഞന്മാര് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ 200 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചിരുന്നു. ആഗോളതാപനത്തിന് വഴിവയ്ക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാമെന്ന് ഈ രാജ്യങ്ങള്‍ സമ്മതിച്ചതാണ്. 2020 ആകുമ്പോഴേക്കും 100 ബില്യണ്‍ യുഎസ് ഡോളര്‍ ഊര്‍ജാവശ്യത്തെ നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കാമെന്ന് സമ്പന്ന രാജ്യങ്ങള്‍ 2009 ല്‍ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും അത് എങ്ങുമെത്തിയില്ല. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും ഓരോ രാജ്യങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ തീവ്രമായി അനുഭവിച്ചുവരികയാണ്. ഇതിന് ഏറ്റവും കൂടുതല്‍ ഇരകളാവുന്ന ദ്വീപു രാജ്യങ്ങളെ സഹായിക്കാന്‍ വന്‍ ശക്തികള്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശവും മോദി മുന്നോട്ടുവയ്ക്കുകയുണ്ടായി. ചുരുക്കത്തില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്നതായിരുന്നു ഗ്ലാസ്ഗോയിലെ മോദിയുടെ പ്രഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: