തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതി പ്രകാരം 4500 കോടി ചെലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുന്‍പ് നിര്‍ത്തിവച്ച പദ്ധതിയാണ് പൊടിതട്ടിയെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഹെസ്സ് കമ്പനിയുമായി കരാറിലേര്‍പ്പെടാനാണ് സര്‍ക്കാര്‍ നീക്കം.
കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്നുള്ള സ്വകാര്യ കമ്പനി രൂപീകരിക്കാനാണ് ധാരണ. കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിന് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ജൂണ്‍ 29ലെ ഇ മൊബിലിറ്റി എക്സ്പോ ആയ ഇ വോള്‍വിലാണ് ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഒരു ബസിന് രണ്ടര കോടി വച്ച് ആദ്യം 100 ബസുകള്‍ സംസ്ഥാനം വാങ്ങണം. ശേഷം 300, 800, 1800 വീതം ബസുകള്‍ കേരളത്തില്‍ നിര്‍മിക്കുമെന്നായിരുന്നു ധാരണ. ടെന്‍ഡര്‍ പോലും ഇല്ലാതെ ധാരണാപത്രം ഒപ്പിട്ടത് വിവാദമായതോടെ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഹെസ്സ് കമ്പനിയുമായി ധാരണയിലെത്തിയതിനെ അന്നത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചോദ്യം ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. ധനവകുപ്പ് ഫയല്‍ കാണുന്നതുപോലും ധാരണാപത്രം ഒപ്പിട്ടതിന് ശേഷമായിരുന്നു. ടെന്‍ഡറില്ലാതെ 3000 ബസുകള്‍ വാങ്ങാനാകില്ലെന്നും ഒന്നു മുതല്‍ ഒന്നര കോടി വരെ ചെലവ് എങ്ങനെ കണ്ടെത്തുമെന്നും ധനവകുപ്പ് ചോദിച്ചു. 3000 ബസും കേരളം കമ്പനിയില്‍ നിന്ന് വാങ്ങണമെന്നാണ് ധാരണാപത്രത്തില്‍ പറയുന്നതെന്നും കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് കരാറില്‍ സൂചനയില്ലെന്നും കണ്ടെത്തി. മാത്രമല്ല ഇത്രയും വലിയ തുകയ്ക്ക് ഫണ്ടില്ലെന്നും ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും വിയോജനക്കുറിപ്പെഴുതി. സാധ്യതാ പഠനത്തെ കുറിച്ച് ധനവിഭാഗം വിയോജിപ്പ് രേഖപ്പെടുത്തി. അതിനു ശേഷമാണ് സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
സാധ്യതാ പഠനത്തിന് നിയോഗിച്ചത് വിവാദ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ യൂറോപ്യന്‍ യാത്ര ഇതിനോടൊപ്പം വിവാദമായി. ഇതോടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നു മാറ്റി തത്ക്കാലം വിവാദങ്ങള്‍ അവസാനിപ്പിച്ചു. 2019 ജൂലൈ 22ന് കേന്ദ്ര സര്‍ക്കാര്‍ ഇ ബസിന് അനുമതി നല്കി എന്നായിരുന്നു അന്ന് സര്‍ക്കാര്‍ വാദം. എന്നാല്‍ അതിനും ഒരു മാസം മുമ്പ് സര്‍ക്കാര്‍ ഹെസ്സുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: