കുന്നത്തൂര്‍: കല്ലടയാറ്റില്‍നിന്നും വെള്ളം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരണം നടത്തി കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മരവിച്ചു. അന്വേഷണം തുടങ്ങി മൂന്നുവര്‍ഷത്തോളമായിട്ടും ഒരു നടപടിയുമുണ്ടായില്ല. 1500 മീറ്റര്‍ ഭാഗത്തു മാത്രമാണ് ആകെ പൈപ്പിട്ടത്.
അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിടേണ്ടത്. ഇതാണ് പരാതിക്ക് ആധാരം. തടാക സംരക്ഷണ കര്‍മസമിതി ചെയര്മാന് കെ.കരുണാകരന് പിള്ളയും പഞ്ചായത്തംഗമായിരുന്ന എസ്.ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
പദ്ധതി ഇങ്ങനെ
കല്ലടയാറ്റില്‍ കടപുഴ ഭാഗത്ത് തടയണയും പമ്പ്ഹൗസും നിര്‍മിച്ച് വെള്ളം പമ്പുചെയ്ത് തടാകക്കരയിലൂടെ ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 33.6 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. 14.6 കോടിയാണ് പൈപ്പിടലിന് ചെലവിട്ടത്.
തടാകം രൂക്ഷമായ വരള്‍ച്ചയെ നേരിട്ട സാഹചര്യത്തിലാണ് തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറയ്ക്കാക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചത്. കുന്നുംപുറം സായിപ്പ് ബംഗ്ലാവു മുതല്‍ ഡിബി കോളജിന്റെ മുന്‍ഭാഗം വരെ പൈപ്പിട്ടശേഷം പദ്ധതി നിര്‍ത്തിവച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടത്തിയില്ല.
അന്വേഷണം തുടങ്ങി; നടപടികളില്ല
പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് സംഘം 2017 ജൂലായ് 25ന് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം പരാതിക്കാരെ അറിയിച്ചതുമാണ്. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
കോടികളുടെ പൈപ്പുകള്‍ പലഭാഗത്തായി കിടന്നു നശിക്കുകയാണ്.മഴ പെയ്ത് വെള്ളം ഉയര്‍ന്നതോടെ പൈപ്പുകള്‍ വെള്ളത്തില്‍ മുങ്ങി. പൈപ്പ് തുരുമ്പിച്ച് കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയും നില നിക്കുന്നു. ഇപ്പോള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: