കാബൂള്‍ : അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ വിദേശ കറന്‍സികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിരോധനം. താലിബാന് ഭരണം കയ്യേറിയതിന് പിന്നാലെ രാജ്യത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ സഹായങ്ങളും വിവിധ രാജ്യങ്ങള്‍ നിര്‍ത്തിവെയ്ക്കുകയുണ്ടായി. ഇതോടെ താലിബാന് വിദേശ കറന്‍സികള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
നിലവില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി അഫ്ഗാനില്‍ യുഎസ് ഡോളര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ വ്യാപാരങ്ങള്‍ക്കായി അയല്‍രാജ്യങ്ങളിലെ കറന്‍സികളും ഉപയോഗിക്കുന്നുണ്ട്. ഇതിനെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താത്പ്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന് കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത് ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും താലിബാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: